
വൈക്കം വെള്ളൂർ ചെറുകര പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു; പതിനഞ്ചുകാരിയുൾപ്പെടെയുള്ളവരുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ
സ്വന്തം ലേഖകൻ
വെള്ളൂർ : മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്.
മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.
ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.