വീട്ടമ്മയെയും കുട്ടികളെയും കാണാതായതായി പരാതി ലഭിച്ച് മണിക്കൂറുകൾക്കകം കണ്ടെത്തി നൽകി വെള്ളൂർ പോലീസ്
സ്വന്തം ലേഖകൻ
വെള്ളൂർ: വീട്ടമ്മയെയും കുട്ടികളെയും കാണാനില്ലെന്ന് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം കണ്ടെത്തി ബന്ധുക്കൾക്കു കൈമാറി കോട്ടയം ജില്ലയിലെ വെള്ളൂർ പോലീസ്. കാരിക്കോട് ചെമ്മഞ്ചിയിൽ അഭിലാഷിൻറെ ഭാര്യ ശ്രീകല, മക്കളായ ആരോമൽ, ആതിര എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാണാതായത്.
ഭർത്താവ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടികളെയും ഭാര്യയെയും കാണാനില്ലെന്ന വിവരമറിയുന്നത്. പരിസരത്തും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതി ലഭിച്ചയുടൻ നാട്ടുകാരുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 12.30 ഓടെയാണ് വെള്ളൂർ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ വിജയപ്രസാദ്, വിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ വീട്ടമ്മയെയും കുട്ടികളെയും പോലീസ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി കിട്ടിയപ്പോൾ ഇവരുടെ വെള്ളുർ ചെറുകരയിലുള്ള ബന്ധുവീട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള പഴയ വീടുകളും കാടുകളും നാട്ടുകാരോടൊപ്പം പരിശോധന നടത്തി വരുന്നതിനിടയിൽ ഒരു പുരയിടത്തിൽ കുട്ടികളുടെ ബാഗ് കിടക്കുന്നത് കണ്ടു.ആ ഭാഗം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുന്നതിനിടെയാണ് ചെറുകര പാലത്തിനു സമീപം ചെരുപ്പുകളും ഫോണും ഇരിക്കുന്നത് കണ്ടതായി നാട്ടുകാർ അറിയിക്കുന്നത്.
ഉടൻതന്നെ പോലീസ് അവിടെയെത്തി അഗ്നിശമന സേനയുമായി ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കാണാത്തതിനാൽ സമീപ പ്രദേശങ്ങളിൽ തെരച്ചിൽ തുടർന്നു. ഒടുവിൽ ചെറുകര പാലത്തിനടുത്തുള്ള കുടുംബക്ഷേത്രത്തിനു സമീപത്തുനിന്നും വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് വീടു വിട്ടിറങ്ങാൻ കാരണമെന്നാണ് പോലീസ് നിഗമനം.