play-sharp-fill
വെള്ളിമണ്‍ ചെറുകുളത്ത്‌ മണ്ണിടിഞ്ഞ്‌ കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു; അ​ഗ്നിരക്ഷാസേനാ അംഗങ്ങളും നാട്ടുകാരും കൈമെയ് മറന്ന് അധ്വാനിച്ചത് 17 മണിക്കൂര്‍

വെള്ളിമണ്‍ ചെറുകുളത്ത്‌ മണ്ണിടിഞ്ഞ്‌ കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു; അ​ഗ്നിരക്ഷാസേനാ അംഗങ്ങളും നാട്ടുകാരും കൈമെയ് മറന്ന് അധ്വാനിച്ചത് 17 മണിക്കൂര്‍

സ്വന്തം ലേഖകൻ

കൊല്ലം: വെള്ളിമണ്‍ ചെറുകുളത്ത്‌ മണ്ണിടിഞ്ഞ്‌ കിണറ്റില്‍ അകപ്പെട്ട തൊഴിലാളി എഴുകോണ്‍ ഇരുമ്പനങ്ങാട്‌ കൊച്ചുവിളവീട്ടില്‍ ഗിരീഷ്‌കുമാര്‍ (ബാബു, 47)മരിച്ചു. 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴം രാവിലെ 9.30ന്‌ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പകല്‍ 2.30ന്‌ വീട്ടുവളപ്പില്‍ സംസ്കരിച്ചു.


ബുധന്‍ വൈകിട്ട്‌ 5.30 ഓടെ ചെറുകുളത്തെ രാധാദേവിയുടെ വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഗിരീഷ്‌ ഉള്‍പ്പെടെ മൂന്നുപേരാണ്‌ കിണര്‍ വൃത്തിയാക്കാന്‍ എത്തിയത്‌. ഗിരീഷ്‌ മാത്രമാണ്‌ കിണറ്റിലിറങ്ങിയത്‌. കിണര്‍ വൃത്തിയാക്കി തിരികെക്കയറുന്നതിനിടെ തൊടിയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. കിണറിന്റെ മുകള്‍ഭാഗം ഇടിച്ചുമാറ്റി മൂന്നുവശങ്ങളിലെ മണ്ണ്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ നീക്കി സമാന്തരമായി കുഴിയെടുത്ത്‌ രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റില്‍ കുടുങ്ങിയ ഗിരീഷിനെ രക്ഷിക്കാന്‍ അ​ഗ്നിരക്ഷാസേനാ അംഗങ്ങളും നാട്ടുകാരും കൈമെയ് മറന്ന് അധ്വാനിച്ചത് 17 മണിക്കൂര്‍.

സര്‍വസജ്ജമായി പാഞ്ഞെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും പൊലീസിനെയും കാത്തിരുന്നത്‌ പ്രതികൂല ഘടകങ്ങള്‍. മണ്ണുമാന്തി യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം അത്യന്തം സാഹസികമായിരുന്നു. ബുധന്‍ വൈകിട്ട് അഞ്ചിനു സംഭവിച്ച അപകടം അറിഞ്ഞയുടന്‍ വെള്ളിമണ്‍ ചെറുകുളത്തെ വീട്ടുവളപ്പില്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്‌.

പരേതനായ മുന്‍ എംഎല്‍എ കെ ശങ്കരനാരായണപിള്ളയുടെ കുടുംബവീട്ടിലെ കിണര്‍ വെള്ളിമണ്‍ സ്വദേശിയായ പ്ലംബിങ് തൊഴിലാളി ഹരിയുടെ നേതൃത്വത്തിലാണ് വൃത്തിയാക്കാന്‍ തുടങ്ങിയത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള കിണറ്റില്‍ ഇറങ്ങി ശുചീകരണം നടത്തിയത് ഇരുമ്ബനങ്ങാട് സ്വദേശി ഗിരീഷ്‌കുമാറാണ്. ജോലിപൂര്‍ത്തിയാക്കി മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. ഓടിയെത്തിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചിലര്‍ കിണറ്റിലിറങ്ങിയെങ്കിലും മണ്ണിടിച്ചില്‍ തുടര്‍ന്നതോടെ പിന്‍വാങ്ങേണ്ടിവന്നു.

കുണ്ടറയില്‍നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റാണ്‌ ആദ്യമെത്തിയത്‌. സേനാംഗം ഇ എബിന്‍ വടത്തിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി. വിസ്‌തൃതി കുറഞ്ഞ കിണറ്റില്‍ ഒരാള്‍ക്കുമാത്രമെ ഇറങ്ങാനാകുമായിരുന്നുള്ളൂ. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടയുടന്‍ തിരികെക്കയറി ബ്രീത്തിങ്‌ അപ്പാരറ്റസുമായി വീണ്ടും ഇറങ്ങി. 20 മിനിറ്റിനുശേഷം അനീഷ്‌ ദൗത്യം ഏറ്റെടുത്തു. അപ്പോഴേക്കും മണ്ണിടിച്ചിലും ഊറ്റും വര്‍ധിച്ചു. ചെറുമഴയും. മണ്ണ്‌ കൂടുതല്‍ ഇടിഞ്ഞതോടെ ഓക്‌സിജന്‍ ലഭ്യത വളരെക്കുറഞ്ഞു. തൊടികള്‍ മണ്ണുമൂടിയ കിണറ്റില്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായതോടെയാണ്‌ സമാന്തര കുഴിയെടുക്കാന്‍ തീരുമാനിച്ചത്‌. തുടര്‍ന്ന് കടപ്പാക്കടയില്‍നിന്ന്‌ അഗ്നിരക്ഷാസേനയും മണ്ണുമാന്തി യന്ത്രവും എത്തിച്ച്‌ കിണറിനു സമാന്തരമായി കുഴിയെടുക്കാന്‍ ആരംഭിച്ചു.

ശ്രമകരമായ പ്രവൃത്തിയില്‍ പുരോഗതി കൈവരിക്കാന്‍ കാലതാമസം നേരിട്ടതോടെ രാത്രി ഒമ്ബതിന്‌ മറ്റ് മൂന്ന് മണ്ണുമാന്തിയും രണ്ട് ഹിറ്റാച്ചി മെഷീനും എത്തിച്ചു. 50അടിയിലധികം താഴ്ചയുള്ള കിണര്‍ വിസ്തൃതമാക്കുക ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. അര്‍ധരാത്രിയോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ കുഴിയിലിറങ്ങി ഗിരീഷിനെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. പുലര്‍ച്ചെ 5.30വരെ കുഴിക്കല്‍ തുടര്‍ന്നു. ചാത്തന്നൂരില്‍നിന്ന്‌ രാവിലെ ഏഴിന് വലിയ ഹിറ്റാച്ചി എത്തിച്ചു മണ്ണുമാറ്റി. രാവിലെ 9.30 നാണ് 30 അടി താഴ്‌ചയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

കുണ്ടറ അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജിബിന്‍ ജോണ്‍സന്‍, ഇ എബിന്‍, ടി അനീഷ്, മനുകുമാര്‍, അനൂപ്, ബിനുരാജ് എന്നിവരും കടപ്പാക്കട യുണിറ്റ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സിപിഐ എം ഏരിയ സെക്രട്ടറി എസ് എല്‍ സജികുമാര്‍, പി സി വിഷ്ണുനാഥ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, അംഗങ്ങളായ കെ സോമവല്ലി, മുഹമ്മദ് ജാഫി, സിപിഐ എം പ്രവര്‍ത്തകരായ സി സന്തോഷ്, എല്‍ അനില്‍, ബി ബൈജു, ബി ഗിരീഷ്, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.