സ്വന്തം കാര്യം വരുമ്പോൾ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തിൽ മതേതരത്വം പറയുകയും ചെയ്യുന്ന അടൂർ പ്രകാശ് സമൂദായത്തിലെ കുലംകുത്തിയാണ് ; ഷാനിമോൾക്ക് വിജയ സാധ്യതയില്ല : വെള്ളാപ്പള്ളി
സ്വന്തം ലേഖിക
ആലപ്പുഴ: കോന്നിയിൽ ജാതിയല്ല ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്ന അടൂർ പ്രകാശ് എംപിയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി അടൂർ പ്രകാശ് സമുദായത്തെ കുരുതി കൊടുത്തുവെന്നും സമുദായത്തിലെ കുലംകുത്തിയാണ് അടൂർ പ്രകാശെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വന്തം കാര്യം വരുമ്പോൾ അടൂർപ്രകാശ് മതേതരത്വം പറയാറില്ല. മതേതരത്വം പറയുന്ന അടൂർ പ്രകാശിനോട് കോൺഗ്രസിനകത്ത് ഒരൊറ്റ ഈഴവനുണ്ടോ എംഎൽഎയായിട്ട് എന്ന് ഞാൻ ചോദിക്കുമ്പോൾ അദ്ദേഹത്തിൻറെ കപടമുഖമാണ് അഴിഞ്ഞു വീഴുന്നത്. സ്വന്തം കാര്യം വരുമ്പോൾ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തിൽ മതേതരത്വം പറയുന്ന രണ്ട് മുഖങ്ങളാണ് അദ്ദേഹത്തിനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോ ഇവിടെ സമുദായിക സന്തുലനം നോക്കി വേണം സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടതെങ്കിലും അതു തുറന്നു പറയാനുള്ള മടി കാണിച്ച് വേറെയാരെയോ സുഖിപ്പിക്കാൻ അടൂർ പ്രകാശ് ശ്രമിക്കുന്നത് ആത്മഹത്യപരമാണ്. സമുദായത്തിലെ കുലംകുത്തിയായി അടൂർപ്രകാശ് മാറിയെന്ന് ഞാൻ പറഞ്ഞാൽ അതു നിഷേധിക്കാൻ സമുദായത്തിലുള്ളവർക്ക് പറ്റില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന ഷാനിമോൾ ഉസ്മാന് വിജയസാധ്യതയില്ലെന്നും അരൂരിൽ ഭൂരിപക്ഷസമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി തന്നെ വേണമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. വനിതകളെയടക്കം അരൂരിൽ പരിഗണിക്കണം. അങ്ങനെയുള്ളവർ മണ്ഡലത്തിൽ തന്നെയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരേയും വിദ്യാഭ്യാസമുള്ളവരേയും സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.