
കോട്ടയം: വെള്ളാപ്പളളി നടേശനെതിരെ ആഞ്ഞടിച്ച് പി.വി അൻവർ.
35 വർഷമായി ജനറൽ സെക്രട്ടറിയായിരിക്കുന്ന വ്യക്തി സമുദായത്തിന് ഇതുവരെ ഒന്നും നേടാൻ കഴിഞ്ഞില്ലെന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് പി.വി അൻവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സമുദായത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട വ്യക്തി കേന്ദ്ര സഹായം പോലും വെട്ടിമാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെതിരെ കേസ് കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഇടവും വലവും നിന്നവരാണെന്നും പി.വി അൻവർ ആരോപിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്താണ് മലപ്പുറം ജില്ലക്കെതിരെ വർഗീയ വിദ്വേഷം വിളമ്പുന്ന ആരോപണങ്ങളുമായി വെള്ളാപ്പള്ളി നടേശൻ വേദികളിലെത്തിയതെന്നും, തിരികെ കോട്ടയത്ത് എത്തിയപ്പോൾ അത് ക്രൈസ്തവ സമൂഹത്തിന് എല്ലാം നൽകി എന്ന മറ്റൊരു ആരോപണമായും ഉന്നയിച്ചു.
സമുദായത്തിന് ലഭ്യമാകേണ്ട എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി വളരേണ്ടതിന് പകരം സ്വയം വളരാനാണ് ശ്രമിച്ചത്. ഇതിൻ്റെ പരിണിതഫലമാണ് സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും, വിഷയത്തിൻ്റെ ധാർമിക ഉത്തരവാദിത്വവും അദ്ദേഹത്തിനാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമം വെറും രാഷ്ട്രീയ നാടകമായിരുന്നുവെന്നും, പിണറായി പേടിയിലിലുള്ളവരാണ് സ്റ്റേജിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജാതീയ, വർഗീയ ഇടപെടൽ നടത്തി മൂന്നാമതും അധികാരത്തിൽ വരാനുള്ള വഴി തേടുകയാണ് പിണറായി വിജയൻ.
ഭൂരിപക്ഷ സമുദായത്തെ കൂടെ നിർത്താനുള്ള ശ്രമമാണ് ആഗോള സംഗമ വേദിയിൽ പിണറായി വിജയൻ നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു. എന്നാൽ പങ്കെടുക്കേണ്ട യഥാർത്ഥ ഭക്തർ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാകും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ വ്യക്തമാക്കി.