
തിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമര്‍ശവും സി പി ഐയ്‌ക്കെതിരായ അധിക്ഷേപവും തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ല എന്ന് ഗോവിന്ദന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കും. എന്നാല്‍ തെറ്റായത് അംഗീകരിക്കില്ല. അത് ആരായാലും അംഗീകരിക്കില്ല. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് യോജിപ്പില്ല,’ എംവി ഗോവിന്ദന്‍ വ്യക്തമാക്കി.എല്‍ ഡി എഫില്‍ നിന്ന് മുസ്ലിം സമൂഹം പൂര്‍ണമായും ഒഴിഞ്ഞുപോയിരിക്കുകയാണെന്ന നിലപാടിനോട് യോജിപ്പില്ല.
എല്‍ഡിഎഫിന് എതിരായി മുസ്ലിം ഏകീകരണം വന്നെന്ന നിഗമനത്തിലും അല്ല ഞങ്ങള്‍. എല്‍ ഡി എഫിന് വോട്ട് ചെയ്യുന്ന വലിയ മുസ്ലിം സമൂഹം ഇത്തവണയും വോട്ട് ചെയ്തിട്ടുണ്ട് എന്നും എന്നാല്‍ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഇടപെടല്‍ ഫലം കണ്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജമാഅത്തെ ഇസ്ലാമിയും ലീഗും കോണ്‍ഗ്രസും മാധ്യമങ്ങളും ഒന്നിച്ച് ചേര്‍ന്ന് നടത്തിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് എന്നും എന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ രീതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഥലങ്ങളില്‍ അത് പ്രതിരോധിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഐ ‘ചതിയന്‍ ചന്തു’ ആണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശവും അദ്ദേഹം തള്ളിക്കളഞ്ഞു.
സിപിഐയും സിപിഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്നും അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിലെ പ്രധാനപ്പെട്ട വ്യക്തികളാണ് സിപിഎമ്മും സിപിഐയും. കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം-മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളോട് സിപിഎം നേരത്തെ മൃദുസമീപനം സ്വീകരിച്ചത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇത് ഒരു പ്രധാന കാരണമായിട്ടുണ്ട് എന്ന തരത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയെ പരസ്യമായി തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും എസ്‌ഐടി അന്വേഷണത്തെ സിപിഎം പിന്തുണക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടമാകരുത് എന്നും അതിന പിന്നിലുള്ളവരെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.



