play-sharp-fill
ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിനു പിടിവള്ളിയുമായി വെള്ളാപ്പള്ളി: പിണറായിയെ രക്ഷിക്കാൻ തന്ത്രവുമായി വെള്ളാപ്പള്ളി: വെട്ടിലായി എസ്എൻഡിപി അണികളും ബിജെപിയും; ആശ്വാസത്തിൽ സംസ്ഥാന സർക്കാർ

ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിനു പിടിവള്ളിയുമായി വെള്ളാപ്പള്ളി: പിണറായിയെ രക്ഷിക്കാൻ തന്ത്രവുമായി വെള്ളാപ്പള്ളി: വെട്ടിലായി എസ്എൻഡിപി അണികളും ബിജെപിയും; ആശ്വാസത്തിൽ സംസ്ഥാന സർക്കാർ

തേർഡ് ഐ ഡെസ്‌ക്

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാരിനു പിടിവള്ളിലുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയും കോൺഗ്രസും തെരുവിലിറങ്ങി നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പൂർണമായും സ്വാഗതം ചെയ്യുകയും ചെയ്തു. എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ പിൻതുണയോടെ സമര രംഗത്തേയ്ക്കിറങ്ങിയ ആർഎസ്എസും ബിജെപിയുമാണ് ഇതോടെ വെട്ടിലായത്.
കഴിഞ്ഞ മാസം അവസാനം സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ ഹിന്ദുക്കളെ വിവിധ സംഘടനകളുടെ പേരിൽ രംഗത്തിറക്കി ആർഎസ്എസും സംഘപരിവാർ സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിൻതുണയും ഈ സമരങ്ങൾക്കെല്ലാം ലഭിച്ചിരുന്നു. എസ്എൻഡിപി നേതൃത്വം സമരത്തിനു മൗന പിൻതുണ നൽകിയപ്പോൾ, ഒരു പടികൂടി കടന്ന എൻഎസ്എസ് നേതൃത്വം പരസ്യപ്രതികരണത്തിന് ഇറങ്ങുകയും, സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ഹിന്ദു സംഘടനകളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച ബിജെപിയും ആർഎസ്എസും ഹൈന്ദവരെല്ലാം ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ശബരിമല വിഷയത്തിൽ രംഗത്തിറങ്ങി. ഇത് ഹിന്ദു സംഘടനകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഇതിനിടെയാണ് ഇപ്പോൾ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി വെള്ളാപ്പള്ളി നടേശൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സമരമുഖത്തേക്കില്ലെന്ന് നിലപാടാണ് വെള്ളാപ്പള്ളി ചൊവ്വാഴ്ച പരസ്യമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചിരിക്കുന്നത്. സമരത്തെ പിൻതുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ, സമരത്തിനെതിരെ പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ചു. ഹിന്ദുത്വത്തിന്റെ പേരിൽ തെരുവിൽ കലാപം ഉണ്ടാക്കുന്നത് ശരിയല്ല. പുനപരിശോധനാ ഹർജി പരിഗണിക്കുന്നത് വരെ കാത്തിരിക്കാതെ തെരുവിൽ ഇറങ്ങി യുദ്ധം ചെയ്യുന്നത് ശരിയായ നടപടിയല്ല. ശബരിമല കേസിൽ വിധി മാനിക്കാൻ എല്ലാവരും തയ്യാറാകണം. ബിജെപി സമരം മുതലെടുക്കുകയാണ് ചെയ്യുന്നത്. തന്ത്രി കുടുംബം ചർച്ചയ്ക്ക് പോകാതിരുന്നത് ശരിയായില്ല. മുഖ്യമന്ത്രിയോട് തന്ത്രി കുടുംബം മര്യാദ കാട്ടിയില്ല. ഹിന്ദുക്കൾ തമ്മി തല്ലേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഹിന്ദുത്വം പറഞ്ഞ് സംസ്ഥാനത്ത് കലാപമുണ്ടാക്കരുത്. സർക്കാർ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞതാണ്. ബിജെപിക്ക് വോട്ട് മാത്രമാണ് ലക്ഷ്യം. ഇപ്പോൾ സംസ്ഥാനത്തു നടക്കുന്ന പ്രതിഷേധങ്ങളുടെ രീതി ശരിയല്ല. ദേവസ്വം പ്രസിഡന്റിനു നിലപാടും നിലവാരവുമില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണം. സർക്കാർ ഹൈന്ദവ സംഘടനകളെ ചർച്ചയ്ക്കു വിളിക്കണം.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളുടെ രീതി ശരിയല്ല. നിഴലിനോടാണ് യുദ്ധം ചെയ്യുന്നത്. ഇവിടെ കർമം കൊണ്ടാണ് പ്രതിരോധം സൃഷ്ടിക്കേണ്ടത്. വിശ്വാസികളായ യുവതികളാരും ശബരമലയിൽ പോകുമെന്ന് കരുതുന്നില്ല. പ്രതിഷേധം സംഘടിപ്പിക്കുന്നതിനു മുമ്പ് എല്ലാവരുമായും കൂടിയാലോചിക്കണമായിരുന്നു. കോടതി വിധിക്കെതിരേ റിവ്യൂ ഹർജി സമർപ്പിച്ച സ്ഥിതിക്ക് അതിന്റെ ഫലം അറിയുന്നവരെ കാത്തിരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇതോടെ വെട്ടിലായത് എസ്എൻഡിപി നിലപാട് വിശ്വസിച്ച് ബിജെപിയ്ക്കും ആർഎസ്എസിനും ഒപ്പം വിശ്വാസ സംരക്ഷണത്തിനായി തെരുവിലിറങ്ങിയ എസ്എൻഡിപി യൂണിയൻ പ്രവർത്തകരാണ്. വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തോടെ സമരത്തിനിറങ്ങിയ പ്രവർത്തകരിൽ പലരും പിന്നിലേയ്ക്ക് വലിഞ്ഞു. ഇതോടെ ഹിന്ദു കൂട്ടായ്മ എന്ന ആർഎസ്എസിന്റെയും ബിജെപിയുടെയും പദ്ധതിയിൽ വിള്ളൽ വീഴുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group