
തിരുവനന്തപുരം: മുസ്ലീം ലീഗ് ഭരണത്തിലിരുന്നപ്പോള്‍ സാമൂഹ്യനീതി നടപ്പിലാക്കിയോ? മുസ്ലീം ലീഗ് ആത്മപരിശോധന നടത്താൻ ഞാൻ വെല്ലുവിളിക്കുകയാണ്, തനിക്കെതിരെ ഉയർന്ന വിവാദങ്ങളില്‍ പ്രതികരിച്ച് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ ഇങ്ങനെ:-
‘മുസ്ലീം ലീഗ് ഭരണത്തിലിരുന്നപ്പോള്‍ സാമൂഹ്യനീതി നടപ്പിലാക്കിയോ. മുസ്ലീം ലീഗ് ആത്മപരിശോധന നടത്താൻ ഞാൻ വെല്ലുവിളിക്കുകയാണ്. ഞാൻ പറയുന്ന കുറവുകള്‍ മനസിലാക്കാൻ ശ്രമിക്കാതെ എന്നെ മതവിദ്വേഷിയാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്റെ കൂടെയുള്ള പലരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണ്. കഴിഞ്ഞ 30 കൊല്ലമായി എസ്‌എൻഡിപിയുടെ കണക്കുകള്‍ നോക്കുന്നത് റഹീം അസോസിയേറ്റഡ്സാണ്. ഞങ്ങളുടെ കേസുകള്‍ മുഴുവനും നടത്തുന്നത് ഒരു മുസ്ലീം വക്കിലാണ്. മതവിദ്വേഷം പരത്താനുള്ള ഒരു കുത്സിത ശ്രമമാണ് നടക്കുന്നത്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാനാണ് ശ്രമിക്കുന്നത്. വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് അവർ ചെയ്യുന്നത്. ദുഷ്ലാക്കോടെയാണ് ലീഗ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തില്‍ ഞാൻ കയറിയതിന് സിപിഐ വിമർശിച്ചു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. താൻ പറയുന്നത് പ്രശ്നാധിഷ്ഠിത അഭിപ്രായങ്ങളാണ്. ത്രിതലപഞ്ചായത്തുകളില്‍ സിപിഐയ്ക്ക് കിട്ടിയ സീറ്റുകള്‍ എത്രയെന്ന് പരിശോധിച്ചാല്‍ മാത്രം മതി. അതിന്റെ കാരണം എന്താണെന്ന് സ്വയം പഠിക്കട്ടെ. അതുമനസിലാക്കാതെ എന്തിനാണ് എന്നെ തള്ളുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ ചർച്ച ചെയ്യണം. ശബരിമല സ്വർണക്കൊള്ളയില്‍ ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ. നിലവിലെ അന്വേഷണത്തില്‍ ഞാൻ പൂർണ തൃപ്തനാണ്. അറസ്റ്റിലായ പത്മകുമാർ നല്ലവനല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്.
എനിക്ക് 89 വയസുണ്ട്. മാദ്ധ്യമരംഗത്ത് ഞാനൊരു മുത്തശ്ശനാണെന്ന് പറയണം. കാരണം മാദ്ധ്യമരംഗത്ത് ഞാൻ ഒരുപാട് വർഷങ്ങള്‍ കൊണ്ട് പ്രവർത്തിക്കുന്നയാളാണ്. ശിവഗിരിയില്‍ വച്ച് എന്നോട് മാദ്ധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാൻ വന്നു. ഇവിടെവച്ച് വേണമോയെന്ന് ഞാൻ ചോദിച്ചു. അതിനുശേഷം ചെറിയ ചോദ്യങ്ങള്‍ മാത്രമാണ് ചിലർ ചോദിച്ചത്. ആ സമയത്ത് ഒരു വാർത്താചാനലിലെ വ്യക്തി എന്നോട് മലപ്പുറത്തെ കാര്യങ്ങള്‍ ഇടിച്ചുകയറി ചോദിച്ചു. ആ വാർത്ത ചാനല്‍ തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്. തന്റെ ചോര കൊതിക്കുന്നവരാണ് അവർ. റേറ്റിംഗില്‍ ഒന്നാമതെത്താൻ പല വാർത്താ ചാനലുകളെയും അവർ ആക്ഷേപിക്കുകയാണ്. ഞാൻ പറയുന്ന പലകാര്യങ്ങളും വളച്ചൊടിച്ച് മതവിദ്വേഷമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്.



