
ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിയ്ക്ക് പോകും..കെ. സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറു നിലയില്‍ പൊട്ടും..തുഷാറിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി..
സ്വന്തംലേഖകൻ
കോട്ടയം : ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ താന്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഏതായാലും മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ മത്സരിക്കരുത്. മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ യോഗം ഭാരവാഹിത്വം രാജി വെയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. എം ആരിഫ് തിരഞ്ഞെടുപ്പിന് മുമ്പേ ജയിച്ചു കഴിഞ്ഞു. ജനകീയനായ നേതാവാണ് എ.എം ആരിഫ്. മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് വന്‍ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഉറപ്പാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.സി വേണുഗോപാല്‍ വീണ്ടും മത്സരിച്ചാലും ജയിക്കില്ല.
എം.പി യായിരുന്നിട്ട് ജനങ്ങള്‍ക്കായി ഒന്നും ചെയ്യാതിരുന്നതു കൊണ്ടാണ് കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസിന്റെ സ്ഥിതി മാറി. ഹരിപ്പാട് ഒഴികെ ഒരു സീറ്റിലും നിയമസഭയില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനായില്ല. ഇതുവരെ യോജിച്ച ഒരു സ്ഥാനാര്‍ത്ഥിയെ പോലും കോണ്‍ഗ്രസിന് കണ്ടെത്താനാകുന്നില്ല.കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂര്‍ പ്രകാശിനെ തോല്‍പ്പിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂര്‍ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്.ആലപ്പുഴയില്‍ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ ആറു നിലയില്‍ പൊട്ടും. തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാല്‍ പിന്മാറിയത്.താന്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ തരൂര്‍ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണയ്ക്കും. പക്ഷേ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണ്. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.