play-sharp-fill
കൂടെ നിന്ന എസ്എൻഡിപിയെ വഴിയിലുപേക്ഷിച്ച് എൻഎസ്എസിനൊപ്പം ചേർന്ന് ബിജെപി: സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിട്ടത് എൻഎസ്എസ് പിൻതുണ; ശബരിമല കടന്ന് എൻഎസ്എസുമായി ഐക്യപ്പെട്ട് ബിജെപി; പ്രതിഷേധവുമായി വെള്ളാപ്പള്ളിയും ബിഡിജെഎസും; തൃശങ്കുവിലായ ബിഡിജെഎസ് മുന്നണി വിട്ടേയ്ക്കും

കൂടെ നിന്ന എസ്എൻഡിപിയെ വഴിയിലുപേക്ഷിച്ച് എൻഎസ്എസിനൊപ്പം ചേർന്ന് ബിജെപി: സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിട്ടത് എൻഎസ്എസ് പിൻതുണ; ശബരിമല കടന്ന് എൻഎസ്എസുമായി ഐക്യപ്പെട്ട് ബിജെപി; പ്രതിഷേധവുമായി വെള്ളാപ്പള്ളിയും ബിഡിജെഎസും; തൃശങ്കുവിലായ ബിഡിജെഎസ് മുന്നണി വിട്ടേയ്ക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രണ്ട് തിരഞ്ഞെടുപ്പിൽ കൂടെ നിന്ന എസ്എൻഡിപിയെ വഴിയിൽ ഉപേക്ഷിച്ച് അടുത്തിടെ കൂട്ട് കിട്ടിയ എൻഎസ്എസിനെ ഒപ്പം കൂട്ടി ബിജെപി. എൻഎസ്എസിനു വേണ്ടി സാമ്പത്തിക സംവരണം എന്ന ലക്ഷ്യം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെയ അക്ഷരാർത്ഥത്തിൽ തൃശങ്കുവിലായത് എസ്എൻഡിപിയും ബിഡിജെഎസും വെള്ളാപ്പള്ളി നടേശനും മകനുമാണ്. സാമ്പത്തിക സംവരണത്തെ പിൻതുണയ്ക്കുന്ന ബിജെപിയെ തള്ളിപ്പറയേണ്ടി വരും എസ്എൻഡിപിയ്ക്ക്. എന്നാൽ, മറുവശത്ത് നിൽക്കുന്ന ഇടതു മുന്നണി നേതൃത്വമാകട്ടെ നേരത്തെ തന്നെ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ കേരളത്തിലെ ലക്ഷ്യം ഏറെക്കുറെ വ്യക്തമായിരിക്കുന്നത്.
ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത് സംഘപരിവാർ സംഘടനകളായിരുന്നു. കേസിൽ ഒരു കക്ഷിയായിരുന്ന എൻഎസ്എസ് പരോക്ഷമായി ആദ്യ ഘട്ടം മുതൽ സമരത്തിനു പിൻതുണയും നൽകിയിരുന്നു. സമരത്തിന്റെ മുൻ നിരയിൽ തന്നെ നിന്ന ബിജെപി ഇതിൽ നിന്നും രാഷ്ട്രീയമായ നേട്ടം ലക്ഷ്യമിട്ടിരുന്നു. ഈ രാഷ്ട്രീയ നേട്ടം മനസിലാക്കിയിട്ടും സംഘപരിവാർ നടത്തിയ അയ്യപ്പജ്യോതിയുമായി എൻഎസ്എസ് നേതൃത്വവും ജനറൽ സെക്രട്ടറി സുകുമാരൻ നായരും സഹകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ നടന്ന വനിതാ മതിലിനെ എൻഎസ്എസ് പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് യുവതികൾ മലകയറിയെത്തി സന്നധാനത്ത് അയ്യപ്പനെ ദർശിച്ച് മടങ്ങിയത്.
ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുമായി പരസ്യമായി ഏറ്റുമുട്ടിയ എൻഎസ്എസ് ബിജെപിയുമായി അടുക്കുന്ന നിലയാണ് എടുത്തത്. ശബരിമലയിൽ എൻഎസ്എസ് എടുത്ത നിലപാടും, സാമ്പത്തിക സംവരണം പ്രഖ്യാപിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നിലപാടും തമ്മിൽ ഇപ്പോൾ ചേർത്ത് വായിക്കണം. ഏത് വിധേനയെയും എൻഎസ്എസിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. അതുകൊണ്ടു തന്നെയാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായിട്ടു കൂടി എൻഎസ്എസിനെ പ്രീണിപ്പിക്കുകയും, ഒപ്പം രാജ്യത്തെ മധ്യവർത്തി വിഭാഗത്തെ ഒപ്പം നിർത്തുകയും ലക്ഷ്യമിട്ട് ഇപ്പോൾ നരേന്ദ്രമോദി സർക്കാർ തിരഞ്ഞെടുപ്പ് വർഷത്തിൽ തന്നെ ഇത്തരം പ്രഖ്യാപനം നടത്തിയത്. എൻഎസ്എസിനൊപ്പം കേരളത്തിലെ മധ്യ വർത്തി ജനങ്ങളുടെ വോട്ട് കൂടി ലഭിച്ചാൽ ഇത് അക്ഷരാർത്തത്തിൽ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉടൻ തന്നെ പ്രസ്താവനയും ഇറക്കിയിരുന്നു. ഇത്തരത്തിലുള്ള തീരുമാനത്തിലൂടെ ബിജെപി സർക്കാർ ഇച്ഛാശക്തി പ്രകടിപ്പിച്ചു എന്നതായിരുന്നു എൻഎസ്എസിന്റെ പ്രസ്താവന.
എന്നാൽ, ഇതിലൂടെ വെട്ടിലായിരിക്കുന്നത് എസ്എൻഡിപിയോഗവും ഇതുവരെ ബിജെപിയെ പിൻതുണച്ചിരുന്ന എൻഡിഎയുടെ ഭാഗമായ ബിഡിജെഎസുമാണ്. ഇടതു മുന്നണി സർക്കാർ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ഇതിനെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത് എസ്എൻഡിപി യോഗമാണ്. എന്നാൽ, എസ്എൻഡിപി പരോക്ഷമായും ബിഡിജെഎസ് പ്രത്യക്ഷമായും പിൻതുണയ്ക്കുന്ന ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കം പക്ഷേ, വെള്ളാപ്പള്ളിയ്ക്കും മകനും അപ്രതീക്ഷിതമായിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ ഇവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നതും.
സാമ്പത്തിക സംവരണ നീക്കത്തിനൊപ്പം എൻഎസ്എസുമായി അടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഉടൻ തന്നെ വെള്ളാപ്പള്ളി നടേശനും മകനും, ബിഡിജെഎസും എൻഡിഎ വിട്ടേക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയുടെ ഭാഗമാകാനാണ് ഇപ്പോൾ ബിഡിജെഎസ് ശ്രമിക്കുന്നതെന്നാണ് സൂചന.