സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് ചൂഷണം ചെയ്ത് നീലച്ചിത്രം നിർമ്മാണം; സഹായി വനിതാ സുഹൃത്ത്; ഓഡിഷനെത്തുന്ന യുവതികളെ അശ്ലീലരംഗങ്ങൾ അഭിനയിക്കാൻ പരിശീലിപ്പിക്കുകയായിരുന്നു ജയജ്യോതിയുടെ പ്രധാനജോലി; ഇരകളായത് നാനൂറിലേറെ സ്ത്രീകൾ; സംവിധായകൻ വേൽ സത്രിയന്റെ അറസ്റ്റിനു പിന്നാലെ പുറത്തു വരുന്ന കഥകൾ ഇങ്ങനെ

Spread the love

സേലം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് ചൂഷണം ചെയ്ത സിനിമാ സംവിധായകൻ വേൽ സത്രിയന്റെ സഹായി പെൺസുഹൃത്തായ ജയജ്യോതി. സഹസംവിധായിക കൂടിയായ 23കാരിയുടെ സഹായത്തോടെയായിരുന്നു യുവതികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ നിർമാണം. വേൽസത്രിയൻ ചൂഷണം ചെയ്ത പെൺകുട്ടികളെ നിശ്ശബ്ദമാക്കിയിരുന്നതും ഇടനിലക്കാരിയായി നിന്നിരുന്നതും ജയജ്യോതിയാണ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നാനൂറിലേറെ സ്ത്രീകളിൽനിന്ന് ഇരുവരും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. സംവിധായകൻ വേൽ സത്രിയന്റെ അറസ്റ്റിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകൾ.

തമിഴ്‌നാട്ടിലെ സേലത്ത് ഗ്ലോബൽ ക്രിയേഷൻ എന്ന പേരിൽ സിനിമാ കമ്പനി നടത്തുകയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് സൂരമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും സേലം ജില്ലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജില്ലയിലെ എടപ്പാടി സ്വദേശിയാണ് വേൽ സത്രിയൻ. വിരുതനഗറിലെ ഇന്ദിരനഗർ സ്വദേശിയാണ് ജയജ്യോതി.

വേൽ സത്രിയൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന പരസ്യം കണ്ട് നിരവധി പേരാണ് സൂരമംഗലം എസ്ബിഐ ഓഫീസേഴ്‌സ് കോളനിക്ക് അടുത്തുള്ള ഓം ശക്തി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സിനിമാ കമ്പനിയിലെത്തിയിരുന്നത്. ഇവരെ വലയിൽ വീഴ്ത്തി ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. മുപ്പതിലധികം ഹാർഡ് ഡിസ്‌കുകളിൽ ഇത്തരത്തിൽ നൂറു കണക്കിന് വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിലെ റോളുകൾക്കായി മുപ്പതിനായിരം രൂപയാണ് ഇരുവരും അഡ്വാൻസ് വാങ്ങിയിരുന്നത്. നോ എന്നു പേരിട്ട ചിത്രത്തിൽ അഭിനേതാക്കളെ തേടിയാണ് സത്രിയൻ ഏറ്റവും ഒടുവിൽ പരസ്യം ചെയ്തത്. ഓഡിഷന് വേണ്ടി എത്തുന്ന യുവതികളെ കൊണ്ട് ഇന്റിമേറ്റ് സീനുകളിൽ അഭിനയിപ്പിച്ചു. ചിത്രങ്ങളുമെടുത്തു. ഇവ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പുതിയ ചിത്രത്തിൽ വേഷം തേടിയെത്തി വഞ്ചിക്കപ്പെട്ട യുവതിയാണ് പൊലീസിനെ സമീപിച്ചത്. സേലം മോഹൻനഗറിൽ നിന്നുള്ള 32കാരിയാണ് ഇവർ. ചിത്രത്തിൽ അവസരം തരാമെന്ന് പറഞ്ഞ് ഇവരിൽ നിന്ന് വേൽ സത്രിയനും ജയജ്യോതിയും മുപ്പതിനായിരം രൂപ കൈപ്പറ്റിയിരുന്നു. പണം തിരിച്ചുചോദിച്ചതോടെ യുവതിക്ക് സിനിമാ കമ്പനിയിൽ ഓഫീസ് ഗേളിന്റെ ജോലി നൽകി. മൂന്നു മാസം കമ്പനിയിൽ ജോലി ചെയ്‌തെങ്കിലും ശമ്പളം നൽകിയില്ല. വേൽ സത്രിയന്റെ കൂടെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ജയജ്യോതിയുടെ സഹായത്തോടെ ഇവരെ ബ്ലാക്‌മെയ്ൽ ചെയ്യാനും ശ്രമിച്ചു.

ഇതോടെ യുവതി കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. ഇതിനിടെയാണ് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സൂരമംഗലം പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു. സംവിധായകനെതിരെ ഇതുവരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

തട്ടിപ്പിനിരയായ എല്ലാവരും പരാതി നൽകണമെന്ന് സേലം സിറ്റി പൊലീസ് കമ്മിഷണർ നജ്മുൽ ഹുദ അഭ്യർത്ഥിച്ചു. പരാതികൾക്കായി സൂരമംഗലം വനിതാ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം രൂപീകരിച്ചു. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സേലത്തെ സെന്‍ട്രല്‍ ലോ കോളജിൽ പഠിക്കാനാണ് ജയജ്യോതി നഗരത്തിലെത്തിയത്. എയനോട്ടിക്കൽ എഞ്ചിനീയറായ ഇവരെ അഡ്മിഷൻ അടക്കമുള്ള കാര്യങ്ങൾ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വേൽ സത്രിയൻ ജയജ്യോതിയെ ഒപ്പംകൂട്ടിയത്. തുടർന്ന് സിനിമാകമ്പനിയിൽ ജോലിയും നൽകി. ഓഡിഷനെത്തുന്ന യുവതികളെ അശ്ലീലരംഗങ്ങൾ അഭിനയിക്കാൻ പരിശീലിപ്പിക്കുകയായിരുന്നു ജയജ്യോതിയുടെ പ്രധാനജോലി. യുവതികളെ ഇതിനായി നിർബന്ധിച്ചതും പിന്നീട് പരാതി ഇല്ലാതിരിക്കാൻ ഭീഷണിപ്പെടുത്തുന്നതും ഇവരാണെന്ന് പൊലീസ് പറയുന്നു.