ഈ കാറുകൾക്ക് കുത്തനെ വില കുറയും! സാധാരണക്കാരന് കാർ വാങ്ങൽ എളുപ്പമാകും ; ജിഎസ്‍ടി കുറയുമ്പോൾ വാഹനലോകത്ത് സംഭവിക്കുക വൻ വിപ്ലവം

Spread the love

ഡൽഹി : രാജ്യത്തെ ജിഎസ്‍ടി ഘടന അടിമുടി മാറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സമൂലമായ പരിഷ്‍കാരങ്ങളിൽ, ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയുടെ നികുതി നിരക്കുകൾ പുനഃക്രമീകരിക്കും. രാജ്യത്ത് വാഹനങ്ങളുടെ നികുതി നിരക്കുകൾ നിർവചിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന എഞ്ചിൻ ശേഷി, വാഹന വലുപ്പം എന്നിവയുമായി ബന്ധപ്പെട്ട വർഗ്ഗീകരണത്തിലെ തർക്കങ്ങൾ പുതിയ രീതി പരിഹരിക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ജിഎസ്‍ടിയിൽ ഏറ്റവും ഉയർന്ന നികുതി ഇനത്തിലാണ് ഓട്ടോമൊബൈൽ മേഖല ഉൾപ്പെടുന്നത്. ഈ പുതിയ പരിഷ്‍കരണത്തിലൂടെ, സാധാരണക്കാർക്ക് പ്രയോജനം ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ, ഇന്ത്യയിലെ വാഹനങ്ങൾക്ക് 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് ഏറ്റവും ഉയർന്ന ജിഎസ്‍ടി സ്ലാബാണ്. കൂടാതെ, വാഹനത്തിന്‍റെ തരം അനുസരിച്ച് ഈ നിരക്കിന് മുകളിൽ ഒരു ശതമാനം മുതൽ 22 ശതമാനം വരെ കോമ്പൻസേഷൻ സെസും ചുമത്തുന്നു. ഇത് വാഹനങ്ങൾ വാങ്ങുന്നവരുടെ മേൽ കൂടുതൽ ഭാരം വർദ്ധിപ്പിക്കുന്നു. വാഹനത്തിന്റെ എഞ്ചിൻ ശേഷിയും വലുപ്പവും അനുസരിച്ച് കാറുകളുടെ മൊത്തം നികുതി പരിധി ചെറിയ പെട്രോൾ കാറുകൾക്ക് 29 ശതമാനം മുതൽ എസ്‌യുവികൾക്ക് 50 ശതമാനം വരെയാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനം നിരക്കിലാണ് നികുതി ചുമത്തുന്നത്. ഉപഭോക്താക്കൾക്കും വാഹന നിർമ്മാതാക്കൾക്കും ഒരുപോലെ ഭാരം നൽകുന്നവയാണ് ഈ നികുതി ഘടന.

രാജ്യത്തെ ജിഎസ്‍ടി സംവിധാനം പ്രധാനമായും രണ്ട് തലങ്ങളിലുള്ള സ്ലാബിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ നീക്കം. ഇതിൽ അഞ്ച് ശതമാനം, 18 ശതമാനം, തിരഞ്ഞെടുത്ത ചില ഇനങ്ങൾക്ക് 40 ശതമാനം എന്നിങ്ങനെ ആയിരിക്കും ജിഎസ്‍ടി സ്ലാബുകൾ വരുന്നത്. ഇതനുസരിച്ച് വാഹനങ്ങളെ ഒരു സ്ലാബിൽ ഉൾപ്പെടുത്തുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എഞ്ചിൻ ശേഷിയും നീളവും അനുസരിച്ച് കാറുകളുടെ വർഗ്ഗീകരണം മൂലമുണ്ടാകുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ ഇതുവഴി സാധിക്കും. നിലവിലെ 28 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 18 ശതമാനം കുറഞ്ഞ ജിഎസ്‍ടി നിരക്ക് കാറുകളുടെ ആവശ്യകതയും വിൽപ്പനയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം പുതിയ പരിഷ്‍കാരത്തോടെ വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയുള്ളവ ആയിത്തീരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാകലങ്ങളായി ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ ചാലകശക്തിയായിരുന്ന ചെറുകാറുകൾക്ക് ഈ ജിഎസ്‍ടി പരിഷ്‍കരണത്തോടെ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വാഹന വിൽപ്പന വർദ്ധിപ്പിക്കുമെന്നും സാധാരണക്കാർക്ക് കൂടുതൽ താങ്ങാകുമെന്നുമുള്ള കണക്കുകൂട്ടലാണ് കേന്ദ്രത്തിന്‍റെ ജിഎസ്‍ടി പരിഷ്‍കരണ നിർദ്ദേശത്തിന് പിന്നിലെ പ്രധാന ആശയം എന്നാണ് റിപ്പോർട്ടുകൾ.

12 ശതമാനം, 28 ശതമാനം സ്ലാബ് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം ഓഗസ്റ്റ് 21 ന് ജിഎസ്‍ടി നിരക്കിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേരുന്ന മന്ത്രിമാരുടെ സംഘം (ജിഒഎം) ചർച്ച ചെയ്യും. അതിനുശേഷം, കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്ന ജിഎസ്‍ടി കൗൺസിൽ അടുത്ത മാസം യോഗം ചേർന്ന് അന്തിമ ജിഎസ്‍ടി നിരക്ക് ഘടന അംഗീകരിക്കും.