
തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 50 ശതമാനം വരെ കുറവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍.
സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുക്കിയ ഫീസ് നിരക്കുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര് ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.
17 മുതല്‍ സംസ്ഥാനത്ത് ഫിറ്റ്നസിന് ഹാജരാക്കുന്ന 15 വര്‍ഷം കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും, 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള മീഡിയം, ഹെവി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെയും ഫിറ്റ്നസുകള്‍ക്ക് നിരക്കിളവ് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കേന്ദ്രസര്‍ക്കാര്‍ 28,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സംസ്ഥാനം ഇത് 14,000 രൂപയാക്കി. 15 മുതല്‍ 20 വര്‍ഷംവരെ കേന്ദ്രം നിശ്ചയിച്ച നിരക്ക് 14,000 രൂപയായിരുന്നു. കേരളം ഇത് 7000 രൂപയാക്കി.
ചെറുകിട ചരക്കുവാഹനങ്ങളുടെയും യാത്രാവണ്ടിയുടെയും ഫീസിലും വലിയ കുറവ് വരുത്തി. 15-20 വരെ 6000 രൂപയും 20 വര്‍ഷത്തിന് മുകളില്‍ 11,300 രൂപയുമാണ് സംസ്ഥാനത്തിന്റെ ഫീസ്. കേന്ദ്രം നിശ്ചയിച്ചത് യഥാക്രമം 11,300 രൂപ, 22,600 രൂപ എന്നിങ്ങനെയായിരുന്നു. 15 വര്‍ഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങളുടെ ഫിറ്റ്നസ് നിരക്ക് 1500 രൂപയില്‍ നിന്ന് 1000 രൂപയാക്കി. കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപയാക്കി.



