
പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു; കണ്ടത് വൻ തീപിടിത്തം; വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു; ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയൽ എൻഫീൽഡ് ബുള്ളറ്റും സൈക്കിളും പൂർണമായും കത്തിനശിച്ചു; പുറത്തു നിന്നാരോ തീയിട്ടതാണെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയൽ എൻഫീൽഡ് ബുള്ളറ്റും സൈക്കിളും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നത്. വീട്ടിനു മുന്നിൽ വലിയ തീ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്.
അപ്പോഴേയ്ക്കും സ്കൂട്ടറുകൾ പൂർണമായും കത്തിയിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കാർ ഉടൻ തന്നെ പുറത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് കഴക്കൂട്ടം ഫയർ ഫോഴ്സിലും തുമ്പ സ്റ്റേഷനിലും വിവരമറിയിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേയ്ക്കും ബുള്ളറ്റും പൂർണമായും കാർ ഭാഗികമായും കത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തു നിന്നാരോ തീയിട്ടതായാണ് പൊലീസ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.