ശബരിമലയിലെത്തുന്ന വാഹനങ്ങളിൽ പുഷ്പങ്ങളും ഇലകളും വെച്ചുള്ള അലങ്കാരങ്ങൾ വേണ്ട ; കെ എസ് ആര്‍ ടി സി ബസുകളിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ല ; പിഴ ഈടാക്കാനും നിര്‍ദേശം നല്‍കി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്നും കോടതി നിര്‍ദേശിച്ചു. കെ എസ് ആര്‍ ടി സി ബസുകളിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ലെന്നും അത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലങ്കരിച്ചു ഇത്തരത്തില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

അതേസമയം, ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്ന ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും. തീര്‍ത്ഥാടന കാലത്ത് വിവിധ വകുപ്പുകള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍, തീര്‍ത്ഥാടക ക്രമീകരണത്തിനായുള്ള ആധുനിക സൗകര്യങ്ങള്‍, തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തും.