
കൊച്ചി: സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി.ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആർടി ഓഫീസിന് കീഴിൽ വേണമെങ്കിലും വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്ട്രേഷൻ നടത്തണമെന്ന ആറ്റിങ്ങല്‍ റീജിനല്‍ ട്രാൻസ്പോർട്ട് ഓഫീസറുടെ നിലപാടിനെതിരെ ഹൈക്കോടതി ഇടപ്പെടലിൻ്റെപശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.
മുൻപ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയില്‍ മാത്രമേ വാഹനം രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാനാകില്ല. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആർടിഒ പരിധിയില്‍ വേണമെങ്കിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മോട്ടോർ വാഹനഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആർടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. തിരുവനന്തപുരം പള്ളിച്ചലില്‍ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലില്‍ രജിസ്ട്രേഷൻ ചെയ്യണമെന്ന അപേക്ഷ ആർടിഒ തള്ളിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടമ ആറ്റിങ്ങലില്‍ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാല്‍ രജിസ്ട്രേഷൻ അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലില്‍ തന്നെ രജിസ്ട്രേഷൻ നടത്താൻ നിർദേശിച്ചിരുന്നു.