
മഞ്ചേരി: വാഹന വില്‍പ്പനക്കാരനായ പയ്യനാട് വടക്കാങ്ങര സ്വദേശി മുഹമ്മദ് ഹാസിഫിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച് അഞ്ചരലക്ഷം രൂപയും മൊബൈല്‍ ഫോണും പഴ്സും കവർന്നെന്ന പരാതിയില്‍ കോട്ടയം സ്വദേശികളായ മൂന്നുപേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്.ശ്യാം, അരവിന്ദ്, സിജോ എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരി വായ്പാറപ്പടിയില്‍ ഡിസംബർ 14-ന് ആണ് കേസിനാസ്പദമായ സംഭവം. ഫെയ്സ്ബുക്കിലൂടെ വില്‍പ്പനയ്ക്കു വെച്ച കാറിനെക്കുറിച്ച് അറിഞ്ഞ സംഘം ഫോണില്‍ ബന്ധപ്പെടുകയും ലൊക്കേഷൻ നല്‍കിയതനുസരിച്ച് വായ്പാറപ്പടിയില്‍ എത്തുകയുമായിരുന്നു. അവിടെയെത്തിയ സംഘം ഹാസിഫിനെ മലപ്പുറം ഭാഗത്തേക്ക് കാറില്‍ കയറ്റിക്കൊണ്ടു പോയി.
ഇരുമ്പൂഴിയിലെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന മൂന്നു പേരിലൊരാള്‍ സൈബർ സെല്‍ എസ്.ഐ. ആണെന്നു പറയുകയും കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞ് ഉപദ്രവിക്കാനും തുടങ്ങി. കാർ ഇരുമ്ബുഴിയില്‍നിന്ന് മുട്ടിപ്പാലത്തേക്ക് തിരിച്ചു. ഇടയ്ക്കുെവച്ച് രണ്ടുപേർകൂടി കാറില്‍ക്കയറി. പിന്നീട് തൃശ്ശൂർ ഭാഗത്തേക്കായി യാത്ര. യാത്രാമധ്യേ, സാം, അരവിന്ദ്, സാബു എന്നിവർക്ക് 30 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറിയത് നീയല്ലേ എന്ന് ചോദിച്ചുകൊണ്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും തന്നെ ഉപദ്രവിച്ചതായി ഹാസിഫ് പറഞ്ഞു. കാറില്‍ വെച്ച് പഴ്സ്, ഫോണ്‍, വാച്ച് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. വാഹനം വാഗമണ്ണിലെത്തിയശേഷം റിസോർട്ടില്‍വെച്ച് നാലുപേർ ദേഹോപദ്രവവും ഏല്‍പ്പിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി എ.ടി.എം. കാർഡും പിൻ നമ്ബറും കൈക്കലാക്കിയ സംഘം അക്കൗണ്ടില്‍നിന്ന് അഞ്ചര ലക്ഷം രൂപയും പിൻവലിച്ചു. നാട്ടിലെ സുഹൃത്ത് സുനീറിനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വാഗമണ്ണില്‍നിന്ന് വൈക്കത്തെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയി.ഹാസിഫിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വൈക്കത്തുവെച്ചാണ് പോലീസ് ഇയാളെ രക്ഷിച്ചത്.