
ആലപ്പുഴ: തുറവൂർ ജംങ്ഷന് സമീപമുള്ള പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതിയായ സനു നിലയം വീട്ടിൽ മുത്ത് എന്ന് വിളിക്കുന്ന സനുദേവി( 37)നാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചത്.
തുറവൂർ പഞ്ചായത്തിൽ നികർത്തിൽ വീട്ടിൽ മിഥുനി (29) നെയാണ് 2023 ജൂണ്‍ മൂന്നിന് രാത്രി ജോലി ചെയ്യുന്ന പച്ചക്കറി കടയിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മിഥുന്റെ അമ്മ പ്രസന്നകുമാരിയെ പ്രതി ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതക കാരണം.
നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് സനുദേവി. മിഥുന്റെ അമ്മയക്ക് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കാനും വിധിയുണ്ട്. കൊലപാതകം നടന്ന കടയിലെ മറ്റ് ജീവനക്കാരും ഉടമയും കൂറ് മാറിയ കേസിൽ ചുമട്ട് തൊഴിലാളി രതീഷിന്റെയും മീൻ കച്ചവടം നടത്തുന്ന പ്രസന്നയുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും ഈ കേസിൽ നിർണായകമായി.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഭിഭാഷകരായ നാരായൺ ജി അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group