
തിരുവനന്തപുരം: പച്ചക്കറി വില വീണ്ടും ഉയരുന്നു. ചെറുഉള്ളിയുടെ വില കിലോയ്ക്ക് 90 രൂപയായി. അമരക്കും പച്ചമുളകിനും വില 100 രൂപ കടന്നിരിക്കുകയാണ്. കുറച്ചുദിവസത്തെ ഇടവേളയ്ക്ക് ശേഷം വെളുത്തുള്ളിയുടെ വില 180 രൂപയായി വര്‍ധിച്ചു. വിപണിയില്‍ വില കുറവുള്ളത് ഇപ്പോള്‍ വലിയുള്ളിയും തക്കാളിയുമാത്രമാണ്.
തമിഴ്നാട്ടില്‍ പെയ്ത ശക്തമായ മഴയാണ് പച്ചക്കറി വില വർദ്ധനവിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കൂടാതെ, പ്രാദേശിക പച്ചക്കറി ഉത്പാദനത്തിലെ കുറവും വില ഉയരാൻ കാരണമായിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കകം പല ഇനങ്ങള്‍ക്കും 10 മുതല്‍ 20 രൂപവരം വില ഉയർന്നേക്കാമെന്നും കച്ചവടക്കാർ പറയുന്നു. പച്ചക്കറി വില കുതിച്ചുയരുന്നത് അടുക്കളച്ചെലവിന് ബാധകമാകുമെന്ന ആശങ്കയിലാണ് പൊതുജനം.
കഴിഞ്ഞ വർഷം ഇതേസമയത്ത് 250 രൂപയോളമുണ്ടായിരുന്ന ബീൻസിന് ഇപ്പോള്‍ 150 രൂപയാണ് വില. വലിയ ഉള്ളിക്ക് 35 രൂപയും തക്കാളിക്ക് 30 രൂപയും. ഇളവൻ, മത്തൻ, പടവലം, ചുരക്ക എന്നിവയ്ക്ക് 35 -40 രൂപയാണ് വിലയുള്ളത്. മാസങ്ങളായി 400 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് 100 രൂപയായി കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ 180 രൂപയായിട്ടുണ്ട്. ഇഞ്ചിക്ക് 80 രൂപയും മല്ലിത്തഴയ്ക്ക് 120 രൂപയും പുതീനയ്ക്ക് 100 രൂപയുമാണ് വില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പാലക്കാട് വലിയ അങ്ങാടിയില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 90 രൂപ, ചേന (90), അമര (110), പാവയ്ക്കയും ക്യാപ്‌സിക്കത്തിനും കിലോയ്ക്ക് 80 രൂപ, ബീറ്റ്‌റൂട്ട്, കാരറ്റ്, പയർ 70 രൂപ, പച്ചമുളകിനും മുരിങ്ങക്കായക്കും 100 രൂപ, വെണ്ട, കൊത്തമര, ഉരുളക്കിഴങ്ങ് 60 രൂപ, വഴുതന 45, നാടൻ വഴുതന 60 എന്നിങ്ങനെയാണ് വിപണിയിലെ വില.
എന്നാൽ പച്ചക്കറിക്ക് പുറമേ നാളികേര വിലയും ഉയർന്നിട്ടുണ്ട്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 70 രൂപയായി ഉയർന്നിട്ടുണ്ട്. സാധാരണയായി വിഷുക്കഴിഞ്ഞ് പച്ചക്കറി വില കുറയുന്നത് പതിവായിരുന്നുവെങ്കിലും, ഇത്തവണ ഓണത്തിന് മുന്നോടിയായി വിലക്ക് ചെറുതായി വര്‍ദ്ധനയുണ്ടാകുന്ന സാഹചര്യമാണ്. ഇപ്പോഴത്തെ വിലക്കയറ്റം വിപണിയെ ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.