
ആലപ്പുഴ: ചേർത്തലയില്‍ വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതെന്ന് പൊലീസ്.
വീട്ടുടമസ്ഥനായ ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകളുടെ തിരോധാന കേസുകളിലാണ് സെബാസ്റ്റ്യൻ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ളത്.
2007ല്‍ ആലപ്പുഴ ചേർത്തലയില്‍ കാണാതായ ബിന്ദു പത്മനാഭൻ, കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ എന്നിവരുടെ തിരോധാന കേസുകളുടെ അന്വേഷണം ചെന്നുനിന്നത് സെബാസ്റ്റ്യനിലേക്കാണ്. ജയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജയ്നമ്മയുടെ ഫോണ്‍ പ്രതി സെബാസ്റ്റ്യൻ സൂക്ഷിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈരാറ്റുപേട്ടയിലെ കടയില്‍ വെച്ച് രഹസ്യമായി ഫോണ്‍ ചാർജ് ചെയ്യാൻ ഓണ്‍ ചെയ്തു. ഇതിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
കടയില്‍ സെബാസ്റ്റ്യൻ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാൻ വെയ്ക്കുന്ന ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ജയ്നമ്മയുടേത് മഞ്ഞ പോക്കോ ഫോണാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സെബാസ്റ്റ്യന് മറുപടിയുണ്ടായിരുന്നില്ല. തുണിയില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു മൊബൈല്‍ ഫോണ്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കുഴിച്ചുമൂടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം, ശരീരാവശിഷ്ടം വർഷങ്ങള്‍ക്ക് മുൻപ് കാണാതായ ബിന്ദു പത്മനാഭൻ്റേതാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
സെബാസ്റ്റ്യൻ വർഷങ്ങള്‍ക്ക് മുൻപ് രജിസ്റ്റർ ചെയ്ത ബിന്ദു പത്മനാഭൻ തിരോധനക്കേസിലെ ഒന്നാം പ്രതിയാണ്. ബിന്ദു കൊല്ലപ്പെട്ടോ എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. വീട്ടിനകത്തെ ഹാളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പുതുതായി പണിത ഗ്രാനൈറ്റും ദുരൂഹത ഉയർത്തുന്നു. അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധനയും നടത്തും. പ്രായം 60 കഴിഞ്ഞതും അസുഖങ്ങളും സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യലിന് തിരിച്ചടിയാകുന്നുണ്ട്.
2024 ഡിസംബർ 28 നാണ് ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ കാണാനില്ലെന്ന പരാതി വന്നത്. കോട്ടമുറി കാക്കനാട്ട്കാലയിലെ വീട്ടില്‍ ഭർത്താവ് അപ്പച്ചനൊപ്പമായിരുന്നു ജയ്നമ്മയുടെ താമസം. സ്ഥിരമായി ധ്യാന കേന്ദ്രങ്ങളില്‍ പോകുന്നത്തിനാല്‍ കാണാതായി നാല് ദിവസം കഴിഞ്ഞാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയ്നമ്മ ചേർത്തല പള്ളിപ്പുറം ഭാഗത്ത് എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ മാസം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്