വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും എൽ.ഡി.എഫിലേക്ക്; നാല് കക്ഷികളെ ഉൾപ്പെടുത്തി മുന്നണി വികസിപ്പിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഉൾപ്പെടുത്തി എൽ.ഡി.എഫ് വികസിപ്പിക്കാൻ തീരുമാനം. എം.പി വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദൾ, ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് (ബി), ഐ.എൻ.എൽ, ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കക്ഷികളെയാണ് മുന്നണിയിൽ ഉൾപ്പെടുത്തുന്നത്.
കാൽ നൂറ്റാണ്ടിലേറെയായി മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കക്ഷിയാണ് ഐ.എൻ.എൽ. ഏറെക്കാലമായി യു.ഡി.എഫുമായി അകന്നുകഴിയുന്ന ബാലകൃഷ്ണപിള്ളയുടെ എൽ.ഡി.എഫ് മുന്നണി പ്രവേശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എൻ.എസ്.എസ് നേതൃനിരയിലുള്ള ബാലകൃഷ്ണപിള്ളയെ മുന്നണിയിൽ എടുക്കുന്നതോടെ ശബരിമല വിഷയത്തിൽ കേരള കോൺഗ്രസ് (ബി)യുടെ പിന്തുണ ഉറപ്പിക്കാൻ എൽ.ഡി.എഫിന് കഴിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2009ൽ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ നിന്ന് പോയ വീരേന്ദ്രകുമാർ പക്ഷം അടുത്തകാലത്താണ് മുന്നണിയുമായി വീണ്ടും അടുത്തതും രാജ്യസഭാ സീറ്റിൽ എൽ.ഡി.എഫ് പിന്തുണയോടെ വിജയിച്ചതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ജനനം. എൽ.ഡി.എഫ് പിന്തുണയോടെ കക്ഷി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് ഈ കക്ഷികളെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത്.
നല്ല തീരുമാനമാണെന്ന് എൽ.ഡി.എഫിന്റെ തീരുമാനത്തോട് ബാലകൃഷ്ണപിള്ള പ്രതികരിച്ചു. മന്ത്രിയാകാനല്ല മുന്നണി പ്രവേശനം. തന്റെ തീരുമാനം ഇനി എൽ.ഡി.എഫിന്റെ തീരുമാനങ്ങളാണ്. ശബരിമല വിഷയത്തിൽ തന്റെ നിലപാട് എൽ.ഡി.എഫിനൊപ്പമാണ്. എൻ.എസ്.എസ് പാലിച്ചുവരുന്ന സമദൂര സിദ്ധാന്തം തുടരുമെന്നാണ് കരുതുന്നത്. എൻ.എസ്.എസ് എന്തു തീരുമാനം എടുത്താലും എൽ.ഡി.എഫിനൊപ്പമായിരിക്കും താനെന്നും അദ്ദേഹം വ്യക്തമാക്കി.