‘കണ്ണിനു ചുറ്റും വീക്കം; കണ്ണാടിയില്‍ നോക്കാൻ പോലും പേടിയായിരുന്നു’; രോഗാവസ്ഥയെ കുറിച്ച്‌ വീണ മുകുന്ദൻ

Spread the love

കൊച്ചി: യുട്യൂബ് ചാനലിലൂടെയും സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെയും ശ്രദ്ധ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വീണ മുകുന്ദൻ. അടുത്തിടെ ‘ആപ്പ് കൈസേ ഹോ’ എന്ന ധ്യാന്‍ ചിത്രത്തിലും വീണ അഭിനയിച്ചു.

ഇപ്പോഴിതാ താന്‍ നേരിട്ട ഒരു രോഗാവസ്ഥയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീണ ഇതേ കുറിച്ച്‌ തുറന്നുപറഞ്ഞത്.

‘ഒരു ദിവസം ഉറക്കമുണർന്നപ്പോള്‍ കണ്ണിനു ചുറ്റും വീക്കം കണ്ടു. ആദ്യം അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ അടുത്ത ദിവസം കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഒന്ന് പേടിച്ചു. അങ്ങനെ ഒരു ഡോക്ടറെ കണ്ടപ്പോള്‍ പേടിക്കേണ്ടതില്ല, നാളേക്ക് ഓക്കെയാവുമെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാല്‍ പിറ്റേ ദിവസത്തേക്ക് സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. കണ്ണ് ഒട്ടും തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. അതോടെയാണ് ഒരു ഐ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടത്’- വീണ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടർ പറഞ്ഞു. കണ്ണുനീർ ഗ്രന്ഥിയില്‍ നീർവീക്കം ഉണ്ടാകുമ്ബോള്‍ സംഭവിക്കുന്നതാണിത്. ഇത് ഉടനെയൊന്നും മാറില്ല എന്നും കുറഞ്ഞത് 10-20 ദിവസം കഴിയാതെ നീര് പോകില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഒരുപാട് ഇന്റർവ്യൂകളും പരിപാടികളുമൊക്കെ ആ സമയത്ത് പ്ലാൻ ചെയ്തിരുന്നു. എല്ലാം ഓര്‍ത്ത് ടെന്‍ഷന്‍ കൂടി. ആ സമയത്ത് എനിക്ക് കണ്ണാടി നോക്കാന്‍ പോലും പേടിയായിരുന്നു. എത്രകാലം ഇങ്ങനെ തുടരേണ്ടി വരുമെന്നോർത്തുള്ള ടെൻഷൻ വേറെ. ഓരോന്നോർത്ത് കരയും. കരയരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ കരയാതിരിക്കാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. കരയുന്തോറും കണ്ണിന്‍റെ വീക്കം കൂടും. എന്റെ ആത്മവിശ്വാസമൊക്കെ സീറോയില്‍ നിന്നും താഴെ പോയി’- വീണ ആ ദിവസങ്ങളെ കുറിച്ച്‌ പറയുന്നു.

‘ഒരു ദിവസം നോക്കിയപ്പോള്‍ ഒരു കണ്ണില്‍ നിന്നും മറ്റേ കണ്ണിലേക്കും നീര് പടർന്നു. അതോടെ ടെൻഷൻ കൂടി. പിറ്റേന്ന് തന്നെ ഡോക്ടറെ വീണ്ടും പോയി കണ്ടു. അങ്ങനെ ഓരോ ദിവസവും തള്ളി നീക്കി. വീക്കം കുറഞ്ഞുവന്നതോടെയാണ് പുറത്തിറങ്ങാന്‍ തുടങ്ങിയത്. ആ ദിവസങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്ന് ഒപ്പം നിന്നത് കുടുംബവും കൂട്ടുകാരും ഒപ്പം ജോലി ചെയ്യുന്നവരുമാണ്’- വീണ കൂട്ടിച്ചേര്‍ത്തു.