വി കെ പ്രശാന്തിനെ നേരിടാന്‍ വീണയോ ജ്യോതിയോ?; വട്ടിയൂര്‍ക്കാവില്‍ പോരിനിറങ്ങുക വനിത തന്നെ; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് അണികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിത്യം വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് ഒഴിച്ചിട്ടിരുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. വനിത തന്നെയാകും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ നേരിടാന്‍ ഇറങ്ങുന്നത് എന്ന് ഉറപ്പാണെങ്കിലും നറുക്ക് വീഴുന്നത് ആര്‍ക്കാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായരും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ശ്രദ്ധേയയാ ജ്യോതി വിജയകുമാറുമാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സാധ്യതയുള്ളത്.
അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായര്‍ക്കാണോ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് പ്രമുഖയായ ജ്യോതി വിജയകുമാര്‍ക്കാണോ വട്ടിയൂര്‍ക്കാവില്‍ പോരിനിറങ്ങാന്‍ അവസരം ലഭിക്കുക എന്ന് ഉടന്‍ അറിയാം. വീണയ്ക്ക് മണ്ഡലത്തില്‍ നല്ല ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരിചയമുള്ള വീണയെ എല്‍ഡിഎഫിന്റെ വികെ പ്രശാന്തിനെതിരെ ഇറക്കണമെന്ന ആവശ്യം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ജ്യോതിയുടെ പൊതുപ്രവര്‍ത്തന മികവും രാഹുല്‍ ഗാന്ധിയുടെ പരിഭാഷക എന്ന നിലയിലുള്ള ശ്രദ്ധയും വോട്ടായി മാറുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിജയകുമാറിന്റെ മകളാണ് ജ്യോതി തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമിയിലെ അദ്ധ്യാപികയാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് വീണ നായര്‍. വിവിധ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അവതാരകയും അഭിഭാഷകയുമായ വീണയുടെ രാഷ്ട്രീയ അരങ്ങേറ്റം. ആദ്യശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നു. രാഷ്ട്രീയവുമായി ബന്ധമുള്ള കുടുംബമാണ് വീണയുടേത്. അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ്. അതോടൊപ്പം പൊലീസിന്റെ നിര്‍ഭയപ്രവര്‍ത്തനത്തിലും സജീവപ്രവര്‍ത്തകയാണ് വീണ.