
കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്യു പ്രവർത്തകർക്ക് ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൾ ഉൾപ്പെടെ അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതികൾ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നും മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടും വ്യക്തമായ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്യുവും ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


