നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Spread the love

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. നിതിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ കൂടാതെ കേരള ആരോഗ്യ സര്‍വകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിന്റെ ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും മറ്റെവിടെയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടാ എന്നും മന്ത്രി കുറിച്ചു.

video
play-sharp-fill

അതേസമയം നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള്‍ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.