5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ലഭ്യമാണ്; സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണ്; 6 മാസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണം. 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നു. സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നത്. കാന്‍സര്‍ സ്‌ക്രീനിംഗിലും പരിശീലനം സിദ്ധിച്ചവരാണ് ഇവിടെയുള്ളത്.

5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യമുണ്ട്. സ്ത്രീസംബന്ധമായ പ്രശ്‌നങ്ങളും ഇവിടെ പരിഹരിക്കുന്നാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ദ്രം മിഷനിലൂടെ 10 കാര്യങ്ങള്‍

ആര്‍ദ്രം മിഷനിലൂടെ 10 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. രോഗ പ്രതിരോധവും രോഗ നിര്‍മ്മാര്‍ജനവും അതില്‍ പ്രധാനമാണ്. സ്ത്രീകള്‍ അവരവരുടെ ആരോഗ്യത്തിന് എത്ര പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഓര്‍ക്കണം. കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഭയമാണ്. ലക്ഷണം കാണുന്നെങ്കിലും അവഗണിക്കും. ഭയം കാരണം പലരും പരിശോധിക്കുന്നില്ല. രാജ്യത്ത് ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം കേരളമാണ്. എത്രനാള്‍ ജീവിച്ചാലും ഗുണനിലവാരമുള്ള ജീവിതം നയിക്കണമെങ്കില്‍ ആരോഗ്യം ഉറപ്പാക്കണം.

വിളര്‍ച്ച പരിഹരിക്കുന്നതിന് വിവ കേരളം പദ്ധതി

വിളര്‍ച്ച പരിഹരിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. രോഗ പ്രതിരോധം വളരെ പ്രധാനമാണ്. 30 വയസിന് മുഴുവന്‍ ആളുകളിലും ജീവിതശൈലീ സ്‌ക്രീനിംഗ് നടത്തണം. കാന്‍സര്‍ സ്‌ക്രീനിംഗിന്റെ ഭാഗമായി 18.5 ലക്ഷത്തോളം പേരെ സ്‌ക്രീന്‍ ചെയ്തു. അതില്‍ 235 പേര്‍ക്ക് സ്തനാര്‍ബുദവും 71 പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറും 35 പേര്‍ക്ക് വായിലെ കാന്‍സറും കണ്ടെത്തി. കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാം. പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ വളരെ കുറഞ്ഞ ചെലവില്‍ ചികിത്സിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേടയില്‍ വിക്രമന്‍, കൗണ്‍സിലര്‍ ശ്രീദേവി എ, പള്ളിത്തുറ പാരിഷ് പ്രീസ്റ്റ് ഫാ. ബിനു അലക്സ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. വി മീനാക്ഷി, ഡോ. റീത്ത കെപി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ഡോ. ബിപിന്‍ ഗോപാല്‍, എസ്പിഎം ഡോ. ബിജോയ്, ഡിപിഎം ഡോ. അനോജ്, നോഡല്‍ ഓഫീസര്‍മാരായ ഡോ. രാഹുല്‍ യു.ആര്‍, ഡോ. മഹേഷ് എന്‍, ഡോ. എബി സൂഷന്‍, ഡോ. ലിപ്സി പോള്‍, ഡോ. ശില്‍പ ബാബു തോമസ്, കേന്ദ്ര ഒബ്സര്‍വര്‍ മദന്‍ ഗോപാല്‍, ഡോ. അര്‍നോള്‍ഡ് ദീപക്, ഡോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.