video
play-sharp-fill
 വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പി; പരിശോധനയില്‍ തെളിഞ്ഞത് 36 വര്‍ഷം മുമ്പത്തെ യുവതിയുടെ കൊലപാതകം: പ്രതിയെ അറസ്റ്റു ചെയ്തു

 വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പി; പരിശോധനയില്‍ തെളിഞ്ഞത് 36 വര്‍ഷം മുമ്പത്തെ യുവതിയുടെ കൊലപാതകം: പ്രതിയെ അറസ്റ്റു ചെയ്തു

ബോസ്റ്റണ്‍ (യു.എസ്): 65-കാരൻ നടപ്പാതയില്‍ തുപ്പിയപ്പോള്‍ തെളിഞ്ഞത് 36 വർഷം പഴക്കമുള്ള കൊലപാതക കേസ്. യു.എസ്സിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്താണ് സംഭവം.
മസാച്യുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റണില്‍നിന്നുള്ള ജെയിംസ് ഹോളോമാൻ എന്ന 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

1988-ലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. മൂന്നുവയസുകാരിയുടെ അമ്മയായ കരെൻ ടെയ്ലർ എന്ന 25-കാരിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കഴുത്തിലും തലയിലുമായി 15 കുത്തുകളേറ്റാണ് ടെയ്ലർ ദാരുണമായി കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോർട്ടം പരിശോധനയില്‍ തെളിഞ്ഞത്.

ഹോളോമാനാണ് പ്രതിയെന്ന് പോലീസിന് അന്ന് തന്നെ സംശയം ഉണ്ടായിരുന്നുവെങ്കിലും അത് സാധൂകരിക്കാൻ ആവശ്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കേസില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷമാണ് ഹോളോമാൻ ബോസ്റ്റണിലെ തന്റെ വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പിയത്. അധികൃതർ ഹോളോമാന്റെ ഉമിനീരിന്റെ ഡി.എൻ.എ. പരിശോധന നടത്തിയതോടെയാണ് 36 വർഷത്തിന് ശേഷം കേസില്‍ വഴിത്തിരിവുണ്ടായത്. കൊല്ലപ്പെട്ട ടെയ്ലറിന്റെ നഖത്തിനടിയില്‍ നിന്ന് കണ്ടെത്തിയ ഡി.എൻ.എ, മൃതദേഹത്തിന് സമീപം

രക്തത്തില്‍ കുളിച്ച നിലയിലുണ്ടായിരുന്ന ഷർട്ടില്‍ കണ്ടെത്തിയ ഡി.എൻ.എ, സമീപമുണ്ടായിരുന്ന സിഗരറ്റില്‍ നിന്ന് ലഭിച്ച ഡി.എൻ.എ. എന്നിവയുമായി ജെയിംസ് ഹോളോമാന്റെ ഡി.എൻ.എ. പൊരുത്തപ്പെട്ടതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണോദ്യോഗസ്ഥർ സെപ്റ്റംബർ 19-ന് ഹോളോമാനെ അറസ്റ്റ് ചെയ്തത്.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളാണ് ഹോളോമാൻ എന്ന് പോലീസ് അറിയിച്ചു. കേസില്‍ ഒക്ടോബർ 29-നാണ് അടുത്ത വാദം. അതേസമയം ഹോളോമാന്റെ ഡി.എൻഎയും ടെയ്ലറുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന പോലീസിന്റെ വാദത്തില്‍ സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞത്.

1988 മേയ് 27-നാണ് കരെൻ ടെയ്ലറെ അവർ താമസിച്ചിരുന്ന ബോസ്റ്റണിലെ റോക്സ്ബറിയിലുള്ള അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെയ്ലറുടെ അമ്മ ഫോണ്‍ വിളിച്ചപ്പോള്‍ മൂന്നുവയസുകാരിയായ മകള്‍ ഫോണെടുക്കുകയും ‘അമ്മ ഉറങ്ങുകയാണ്, വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല’ എന്ന് പറയുകയും ചെയ്തു.

തുടർന്ന് അപ്പാർട്ട്മെന്റിലെത്തിയ ടെയ്ലറുടെ അമ്മ കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ടെയ്ലറുടെ മൃതദേഹം കാണുന്നത്.