
കൊച്ചി: പീഡനക്കേസില്‍ റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയില്‍ ബുധനാഴ്ചയും വാദംതുടരും.
ചൊവ്വാഴ്ച നടന്ന വാദത്തിനൊടുവില്‍ കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല നിർദേശം നല്‍കി. മുൻകൂർ ജാമ്യഹർജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ഇത് കേസില്‍ വേടന് താത്കാലിക ആശ്വാസമായി.
ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ആവർത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹവാഗ്ദാനം നല്‍കിയാണ് വേടൻ പീഡിപ്പിച്ചത്. എന്നാല്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സതേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു.
വേടനെതിരേ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയർന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ചത്തെ വാദത്തിനിടെ കോടതി സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാൻ കഴിയുമോ എന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടൻ നിഷേധിച്ചിരുന്നില്ല.
എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വേടന്റെ വാദം. ജാമ്യഹർജിയില്‍ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.