
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കോട്ടയായ പറവൂർ പിടിക്കാൻ കരുത്തുറ്റ നീക്കവുമായി എൽ.ഡി.എഫ്.
കൈപ്പമംഗലം എം.എൽ.എയായ ഇ.ടി. ടൈസണെ സതീശനെതിരെ പറവൂരിൽ കളത്തിലിറക്കാനാണ് സി.പി.ഐ തീരുമാനം. ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി.
സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ വി.ഡി. സതീശനെ സ്വന്തം മണ്ഡലത്തിൽ തന്നെ തളച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ ഇത്തവണ മികച്ച ജനകീയ അടിത്തറയുള്ള ഇ.ടി. ടൈസണെ നിയോഗിക്കുന്നത്. പറവൂർ പിടിച്ചെടുക്കുക എന്നതിലുപരി, പ്രതിപക്ഷ നേതാവിന്റെ പ്രചാരണ സമയം മണ്ഡലത്തിൽ തന്നെ പരിമിതപ്പെടുത്തുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈപ്പമംഗലം മണ്ഡലത്തിൽ നിന്നും 2016-ലും 2021-ലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ടൈസൺ മാസ്റ്റർ അവിടെ രണ്ട് ടേം പൂർത്തിയാക്കി കഴിഞ്ഞു.ജനകീയ മുഖവും വികസന പ്രവർത്തനങ്ങളും മുൻനിർത്തി ടൈസണ് പറവൂരിലും മികച്ച മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടാണ് വി.ഡി. സതീശൻ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എം.ടി. നിക്സണെ പരാജയപ്പെടുത്തിയാണ് സതീശൻ സഭയിലെത്തിയത്.
അതേസമയം, കൈപ്പമംഗലത്ത് കോൺഗ്രസിലെ ശോഭാ സുബിനെ പരാജയപ്പെടുത്തിയാണ് ടൈസൺ തന്റെ കരുത്ത് തെളിയിച്ചത്.
പ്രതിപക്ഷ നേതാവും ജനകീയനായ ഭരണപക്ഷ എം.എൽ.എയും നേർക്കുനേർ വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി പറവൂർ മാറുമെന്ന് ഉറപ്പായി.



