
കോട്ടയം: ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ സൈബർ ആക്രമണം. സൈബർ ആക്രമണത്തിനു നേതൃത്വം നൽകുന്നത് 25 വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ.
ഡിജിറ്റൽ മീഡിയ സെല്ലിലെ മുൻ ഭാരവാഹികൾ വഴി അനൗദ്യോഗികമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അക്കൗണ്ടുകളുടെ വിശദാംശങ്ങൾ സതീശനു ലഭിച്ചു. തെളിവുകൾ സഹിതം പാർട്ടിയിൽ പരാതി നൽകാനൊരുങ്ങുകയാണ് അദ്ദേഹം.
ഇതു സംബന്ധിച്ച് പാർട്ടി നേതാക്കളുമായി കൂടിയാലോചന നടത്തിയശേഷം പ്രതികരിക്കാമെന്ന് പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളുടെ പേരിലും അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കിയാണ് സതീശനെതിരെ സൈബർ ആക്രമണം ശക്തമായത്. സതീശന്റെ ഫെയ്സ്ബുക് പോസ്റ്റുകൾക്ക് താഴെയും പാർട്ടി പ്രൊഫൈലുകളിൽനിന്നും അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിൽ അംഗങ്ങളായ ഒരു വിഭാഗമാണ് ഇതിൽ ചില അക്കൗണ്ടുകളുടെ അഡ്മിൻ എന്നാണറിവ്.
വർഷങ്ങളായി നിലനിൽക്കുന്ന പല അക്കൗണ്ടുകളും സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഒറിജിനൽ എന്നു തോന്നിക്കുന്ന തരത്തിലാണ് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്.
ചില അക്കൗണ്ടുകളിൽ എഐ ചിത്രങ്ങളാണ് പ്രൊഫൈൽ ഫോട്ടോകളായി ഉപയോഗിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തി കണ്ടതിനെക്കുറിച്ചും നിരപരാധിത്വം വിശദീകരിച്ചും അടുത്തിടെ കോൺഗ്രസ് അനുഭാവിയായ യുവതി എഴുതിയ കുറിപ്പ് മാധ്യമങ്ങളിൽ അടക്കം വാർത്ത ആയിരുന്നു. എന്നാൽ ഈ അക്കൗണ്ടും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
‘ബിഹാർ– ബീഡി’ വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫിസ് റിപ്പോർട്ട് തേടിയിരുന്നു. എഐസിസി സമൂഹമാധ്യമ വിഭാഗവും ഇക്കാര്യം സംസ്ഥാന നേതാക്കളോട് ഫോണിൽ സംസാരിച്ചിരുന്നു.
ഡിജിറ്റൽ മീഡിയ സെൽ തങ്ങളുടെ നിയന്ത്രണത്തിൽ അല്ലെന്നാണ് സംസ്ഥാനത്തെ ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്ന മൗനത്തിൽ സതീശനെ അനുകൂലിക്കുന്നവർക്ക് നീരസമുണ്ട്. റോജി എം. ജോൺ, രാജു പി. നായർ തുടങ്ങി ചുരുക്കം നേതാക്കളാണ് സതീശനെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയത്