ശബരിമലയിലെ സ്വർണ്ണക്കൊള്ള: രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്ന എഫ്ഐആർ; സര്‍ക്കാരല്ല, കൊള്ളക്കാരാണ് കേരളം ഭരിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ കൊള്ള: വി ഡി സതീശൻ

Spread the love

സര്‍ക്കാരല്ല, കൊള്ളക്കാരാണ് കേരളം ഭരിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആര്‍. എന്നും സതീശൻ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

“ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആര്‍. ഒന്നാം പ്രതിയായ ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. ശബരിമലയിലെ ദ്വാരപാല ശിൽപങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാരും സി.പി.എം നേതാക്കളും സംശനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനും ദേവസ്വം വകുപ്പിനും കഴിയില്ല. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണം. വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കട്ടിളപ്പടിയിലെ സ്വര്‍ണപാളികള്‍ കടത്തിയ കേസിലാണ് സി.പി.എം നേതാവും 2019-ല്‍ ദേവസ്വം പ്രസിഡന്റുമായ എ. പത്മകുമാറിനെയും ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശില്‍പങ്ങൾ കോടീശ്വരന് വിറ്റ കേസിലും ഇവര്‍ സ്വാഭാവികമായും പ്രതികളാകേണ്ടവരാണ്. എന്തുകൊണ്ടാണ് ആ കേസില്‍ നിന്നും ഇവരെ ഒഴിവാക്കിയതെന്നും വ്യക്തമല്ല.

സ്വര്‍ണക്കൊള്ളയിൽ 2019 -ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം.

സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. 2019-ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയതു പോലെ നിവവിലെ ബോര്‍ഡിനെയും പ്രതികളാക്കി കേസെടുക്കണം.

സര്‍ക്കാരല്ല, കൊള്ളക്കാരാണ് കേരളം ഭരിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള”.