
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായി ദിവസം മൂന്ന് കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാന കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടാത്തതിനെതിരെ കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നിയോജക മണ്ഡലം അടിസ്ഥാനമായ പോളിംഗ് വിവരങ്ങളും പോസ്‌റ്റല്‍ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെ കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനത്തിന് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റ് എണ്ണം എന്നിവ കമ്മിഷൻ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വമ്പൻ പോളിംഗ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞിട്ടും അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. രണ്ടു ദിവസത്തിനകം അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഏപ്രില്‍ 9ന് നടന്ന തിരഞ്ഞെടുപ്പില്‍ എത്ര പേർ വോട്ട് ചെയ്തുവെന്ന അന്തിമകണക്കാണ് പുറത്തുവരാനുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതു നല്‍കുമെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.



