
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗപരാതി വെല്‍ ഡ്രാഫ്റ്റഡാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പരാതി വെല്‍ ഡ്രാഫ്റ്റഡായാണ് നല്‍കേണ്ടതെന്നും അതില്‍ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു. താൻ അഭിഭാഷകനായിരുന്ന കാലത്തും പൊതുപ്രവർത്തകനായപ്പോഴും നിരവധി പരാതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പരാതിക്കാരി ഒരു അഭിഭാഷകന്റെ സഹായം തേടി പരാതി നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗപരാതിയില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം നല്‍കിയത്. ഇതോടെയാണ് സണ്ണി ജോസഫ് രാഹുലിനെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രതികരിച്ചത്. രാഹുലിനെതിരായ പരാതി വെല്‍ ഡ്രാഫ്റ്റഡാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുതന്നെയാണ് ഇന്ന് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴും സണ്ണി ജോസഫ് ആവർത്തിച്ചത്. രാഷ്ട്രീയപ്രേരിതമായാണ് പരാതി നല്‍കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുലിനെതിരായ പരാതിക്ക് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിനുണ്ടെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



