മാധ്യമ പ്രവര്‍ത്തകയെ അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റ്, തെറ്റ് ചെയ്താല്‍ സി.പി.എമ്മിനെ പോലെ ന്യായീകരിക്കില്ല, പത്രക്കുറിപ്പില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമി​ല്ല, ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നത് അവരെ അപമാനിക്കൽ, ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ രാജി വക്കണം; പ്രതികരണവുമായി വി ‍ഡി സതീശൻ

Spread the love

കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ വിശദീകരണം തേടി ധർമജനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും കിട്ടിയില്ല. തെറ്റ് ചെയ്താല്‍ സി.പി.എമ്മിനെ പോലെ ന്യായീകരിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇറക്കിയ പത്രക്കുറിപ്പില്‍ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമി​ല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് മുമ്പാകെ ഇരകള്‍ കൊടുത്തിരിക്കുന്ന ആധികാരിക മൊഴികളും തെളിവുകളും സംബന്ധിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആ നിലപാട് സ്വീകാര്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ എന്താണ് തടസമെന്നാണ് കേടതിയും ചോദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഏത് ലൈംഗിക പീഡന കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്ന് പറയുന്നതും അവരെ അപമാനിക്കലാണ്. ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. രാജി വയ്ക്കുന്നതാണ് നല്ലത്. രഞ്ജിത്തും സിദ്ദിഖും രാജിവെച്ചത് മറ്റുള്ളവരും പിന്തുടരുന്നതാണ് നല്ലത്. മുകേഷും രാജി വയ്ക്കുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.