
ദില്ലി: താൽകാലിക വിസി നിയമനത്തില്‍ വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
താൽകാലിക വിസി നിയമനത്തില്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് കോടതി ചോദിച്ചു. തര്‍ക്കം ഒഴിവാക്കിയില്ലെങ്കില്‍ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിക്കാമെന്ന് ജസ്റ്റിസ് പർദ്ദിവാല വ്യക്തമാക്കി. ഇതിനായി അഞ്ച് പേരുകൾ നിര്‍ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.