
ഡൽഹി: വി സി നിയമനത്തിന് ഇനി പുതിയ ചട്ടങ്ങൾ. രാജ്യത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെയും അദ്ധ്യാപകരുടെയും അക്കാഡമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി പുറത്തിറക്കിയിരിക്കുന്നു.
ഇതനുസരിച്ച് വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അദ്ധ്യക്ഷനെ ചാൻസലർ കൂടിയായ ഗവർണറായിരിക്കും, കൂടാതെ രണ്ടാമത്തെ അംഗത്തെ യു.ജി.സി ചെയർമാൻ നാമനിർദ്ദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗണ്‍സില്‍, ബോർഡ് ഒഫ് മാനേജ്‌മെന്റ് സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിർദ്ദേശിക്കാം.
കേരളത്തിലെ സർവകലാശാലകളിലെ വി.സി നിയമനങ്ങള്‍ സംബന്ധിച്ച് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മില്‍ രൂക്ഷമായ തർക്കങ്ങളാണ് ഉണ്ടായത്. ഇതിന്റെ ഫലമായി നിരവധി സർവകലാശാലകളുടെ തലപ്പത്ത് വി.സിമാരുടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിലവിലുള്ള വി.സി നിയമന ചട്ടങ്ങളിലെ അവ്യക്തത നീക്കി, പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇതിനു വിരുദ്ധമായി നടത്തുന്ന വി.സി നിയമനം അസാധുവാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ചു പേരുകള്‍ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ചു വർഷത്തേക്കോ 70 വയസ് തികയുന്നതു വരെയോ ആണ് നിയമനം. പുനർ നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യു.ജി.സി പദ്ധതികളില്‍ നിന്ന് ഒഴിവാക്കും. കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനങ്ങള്‍ പരമാവധി ആറുമാസത്തേക്കേ നടത്താനാവൂ. ഇവർക്ക് സ്ഥിരം അദ്ധ്യാപകർക്കു ലഭിക്കുന്ന ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുകയും വേണം.
യു.ജി.സിയുടെ ചട്ടങ്ങള്‍ അന്തിമമാകുന്നതോടെ പിഎച്ച്.ഡി അടക്കം ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ള സിവില്‍ സർവീസ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം വി.സിയാകാൻ അപേക്ഷിക്കാവുന്നതാണ്.കേരളത്തില്‍ നിലവിലെ 13 വി.സി ഒഴിവുകളില്‍ ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്യുന്നത് പുതിയ റഗുലേഷൻ പ്രകാരമായിരിക്കും. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാഡമിക് വിദഗ്ദ്ധരുടെയും അഭിപ്രായം യു.ജി.സി തേടിയിരിക്കുകയാണ്.
വിയോജിപ്പുകളുണ്ടെങ്കില്‍ സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അക്കാര്യങ്ങള്‍ അറിയിക്കാൻ തയ്യാറാകണം. പുതിയ യു.ജി.സി മാർഗരേഖ നിലവില്‍ വന്നാല്‍ വി.സി നിയമനങ്ങളില്‍ സംസ്ഥാന സർക്കാർ പുലർത്തിയിരുന്ന മേധാവിത്വം അപ്പാടെ നഷ്ടമാകും. വി.സി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും ചാൻസലറാണ് നിയമനാധികാരിയെന്നും കണ്ണൂർ സർവകലാശാലാ കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ഗവർണറും സർക്കാരും വി.സി നിയമനത്തിന്റെ പേരില്‍ നടത്തിയ വടം വലിയില്‍ സംസ്ഥാനം പരാജയപ്പെട്ട നിലയാണ് ഉണ്ടായത്.
പുതിയ ചട്ടങ്ങള്‍ കൂടി നിലവില്‍ വരുന്നതോടെ വി.സി നിയമനത്തില്‍ സംസ്ഥാന സർക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന നിലയിലും നിയമ നിർമ്മാണത്തിന് ഒരുങ്ങിയെങ്കിലും ബില്ലുകള്‍ രാഷ്ട്രപതി തള്ളിയതോടെ കേരളത്തിന്റെ വഴി നേരത്തേ അടഞ്ഞിരുന്നു. അക്കാഡമിക് സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടാകുന്നത് സർവകലാശാലകളുടെ നിലവാരം കുറയാനേ ഇടയാക്കിയിട്ടുള്ളൂ. അതിനാല്‍ പ്രധാന പദവികളില്‍ വരുന്നവരെ നിയമിക്കുമ്ബോള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഇടയാക്കുന്ന നിയമനങ്ങള്‍ ഒഴിവാക്കുന്നതാണ് സർവകലാശാലകളുടെയും വിദ്യാർത്ഥികളുടെയും ഭാവിക്ക് നല്ലത്.



