അപകടാവസ്ഥയില്‍ വാഴൂർ പഞ്ചായത്തിന്‍റെ പഴയ ഷോപ്പിംഗ് കോംപ്ലക്സ്; പൊളിച്ചു മാറ്റാൻ നാല് ലക്ഷം രൂപ ചെലവ്; കെട്ടിടത്തിന്‍റെ മൂല്യനിർണയം നടത്തി; അഞ്ച് കടകള്‍ ഒഴിഞ്ഞു

Spread the love

വാഴൂർ: അപകടാവസ്ഥയില്‍ നില്‍ക്കുന്ന വാഴൂർ പഞ്ചായത്തിന്‍റെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റുന്നതിന്‍റെ ഭാഗമായി മൂല്യനിർണയം നടത്തി.

മൂന്നു നില കെട്ടിടം പൊളിച്ചു മാറ്റാൻ നാലു ലക്ഷം രൂപയോളം ചെലവ് വരും. രണ്ടു ലക്ഷം രൂപ വില വരുന്ന സാമഗ്രികള്‍ പൊളിക്കുമ്പോള്‍ ലഭിക്കും. ബാക്കി വരുന്ന തുക പഞ്ചായത്ത് കരാറുകാരനു നല്‍കേണ്ടി വരും.

കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നല്‍കി. പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം തയാറാക്കിയ വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടർ വഴി തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് അയയ്ക്കും. അവിടെനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്തു പൊളിക്കല്‍ നടപടി ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവർത്തിച്ചിരുന്ന ആറ് കടകള്‍ ഒഴിയാൻ നോട്ടിസ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് കടകള്‍ ഒഴിഞ്ഞു. ബാക്കിയുള്ള ഒരെണ്ണം അടുത്ത ദിവസം മാറും. 30 വർഷം മുൻപ് നിർമിച്ച മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മുകളിലെ നിലയില്‍ ചോർച്ച ഉണ്ടായതോടെ കോണ്‍ക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയിരുന്നു.

ഇതോടെ എട്ട് വർഷം മുൻപ് കോംപ്ലക്സ് കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി കരാർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, അറ്റകുറ്റപ്പണി നടത്തരുതെന്നും കെട്ടിടം പൊളിച്ചു മാറ്റണമെന്നും എൻജിനിയറിംഗ് വിഭാഗം നിർദേശിച്ചതോടെ പദ്ധതി നടന്നില്ല. കെട്ടിടം പൊളിച്ചു മാറ്റാനുള്ള നീക്കത്തിനെതിരെ കോംപ്ലക്സിലെ വ്യാപാരികള്‍ കോടതിയെ സമീപിച്ചു.

കെട്ടിടത്തിന്‍റെ താഴത്തെ നില ഒഴിച്ചുള്ള ഭാഗം പൊളിച്ച്‌ നീക്കി വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കാമെന്നു തീർപ്പാക്കിയിരുന്നു. എൻജിനിയറിംഗ് വിഭാഗത്തിന്‍റെ വിദഗ്ധ പരിശോധനയില്‍ കെട്ടിടത്തിന്‍റെ താഴത്തെ നില മാത്രം നിർത്തി പൊളിച്ചുമാറ്റുമ്പോള്‍ താഴത്തെ നിലയ്ക്കു ബലക്ഷയം ഉണ്ടാകുമെന്നും കെട്ടിടം പൂർണമായി പൊളിച്ചു നീക്കണമെന്നും നിർദേശിച്ചു.