ഓണ സദ്യയുണ്ണാൻ തൂശനില തമിഴ് നാട്ടിൽ നിന്നുവരും: കോട്ടയം മാർക്കറ്റിൽ 2 ലോഡ് ഇല വന്നിട്ടുണ്ട്: ഇനിയും എത്തും.

Spread the love

കോട്ടയം: ഓണസദ്യ അടുക്കളയില്‍ തയാറാക്കിയാലും വിളമ്പാന്‍ തൂശനിലയില്ലാത്തവര്‍ നഗരങ്ങളിലും വാടകവീടുകളിലും ഫ്ലാറ്റുകളിലും ഏറെപ്പേരാണ്.
ഉത്രാടത്തിനും പൊന്നോണത്തിനും തൂശനില വാങ്ങാന്‍ മാത്രം മാര്‍ക്കറ്റില്‍ എത്തുന്നവരുണ്ട്. അടയുണ്ടാക്കാനും ഇലയ്ക്ക് ആവശ്യക്കാര്‍ ഏറെപ്പേരാണ്.

ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാര്‍, കാളന്‍, മധുരക്കറി, തോരന്‍, അവിയല്‍, ഓലന്‍, പരിപ്പ്, സാമ്പാര്‍, പുളിശേരി, പഴം, പായസം എന്നിങ്ങനെ നീളുന്നതാണ് ഓണസദ്യ. ഓണസദ്യ രുചികളുടെ വൈവിധ്യമാണെന്നിരിക്കെ തൂശനിലയില്‍ ഉപ്പു മുതല്‍ വിളമ്പിയാല്‍ വിഭവങ്ങളുടെ രുചിയും ഗുണവും ഒന്നു വേറെതന്നെ. വാഴയിലകളില്‍ ഞാലിപ്പൂവന്‍ ഇലയാണ് ഏറ്റവും കേമം.

ഇത്തവണയും സദ്യവട്ടത്തിലെ വിഭവങ്ങള്‍ക്കൊപ്പം ഓണത്തിന് ഇലയും അതിര്‍ത്തി കടന്നുവരികയാണ്. കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നാണു വാഴയില എത്തുന്നത്. ഇന്നലെയും രണ്ടു ലോഡ് വാഴയില കോട്ടയം മാര്‍ക്കറ്റിലെത്തി. വാഴയിലയ്ക്കുമുണ്ട് മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും. പാലക്കാട്, മണ്ണാര്‍ക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് പരിമിതമായി മാത്രം നാടന്‍ വാഴയില എത്തുന്നുണ്ട്. ഇവിടങ്ങളില്‍ ഇല വില്‍പന മാത്രം ഉദ്ദേശിച്ച വാഴ നട്ടു വളര്‍ത്തുന്നവര്‍ പലരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 100 ഇലയുള്ള (മുഴുവനായി) ഒരു കെട്ടിനു 3,000- 4000 രൂപ വരെയാണു വില. ഓണവാരം വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വില കുതിച്ചുകയറി. ഒരു മുഴുവന്‍ ഇലയില്‍നിന്ന് ഒരു തൂശന്‍ മാത്രമേ മുറിച്ചെടുക്കാനാവുകയുള്ളൂ. ഇത്തരത്തില്‍ ഒരു കെട്ടില്‍നിന്നു 80 വരെ തൂശനിലയാണ് കിട്ടുക.

ഇന്നലെ മുതല്‍ ഒരു ഇലയ്ക്ക് മാര്‍ക്കറ്റില്‍ 10-12 രൂപയാണ് നിരക്ക്. ഇല വില്‍ക്കാന്‍ മാത്രമായി തമിഴ്‌നാട്ടില്‍ നാട്ടുവാഴ, ചക്കവാഴ എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകള്‍ക്ക് ഡിമാന്‍ഡില്ല. അവിയല്‍, സാമ്പാര്‍ എന്നിവയ്ക്ക് കറിക്കായ ആയാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. നാലു ദിവസത്തോളം വാടിതിരിക്കുമെന്നു മാത്രമല്ല പെട്ടന്ന് കീറുകയുമില്ല.