play-sharp-fill
‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖിക

 

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. ‘വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഇതേ തുടർന്ന് വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കി.മീ.വേഗതയുള്ള കാറ്റിനും സാധ്യത. കേരളതീരത്ത് കടൽ പ്രക്ഷുബ്ധമാകും.ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ന്യൂനമർദമേഖലയിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. 13ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റർ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.