
സീരിയലിൽ പോലും കാണാത്ത ക്രൂരത: മകനും ഭാര്യയും ചേർന്ന് മാതാപിതാക്കളെ തല്ലിയോടിച്ചു: മരുമകൾ ജോലി കഴിഞ്ഞു വരുമ്പോൾ വീട്ടിൽ കണ്ടു പോകരുത് എന്നു പറഞ്ഞതിനാൽ വയോധിക ദമ്പതികൾ പേടിച്ച് വീടുവിട്ടിറങ്ങി: പോലീസ് കേസെടുത്തു.
അരിമ്പൂർ (തൃശൂർ): മകന്റെയും മരുമകളുടെയും മർദനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ വയോധിക ദമ്പതികളെ സാമൂഹികനീതി വകുപ്പ് ഇടപെട്ട് അനാഥാലയത്തിലേക്കു മാറ്റി.
അരിമ്പൂർ കൈപ്പിള്ളി റിങ് റോഡില്‍ താമസിക്കുന്ന പ്ലാക്കൻ വീട്ടില്‍ തോമസ് (79), ഭാര്യ റോസിലി (76) എന്നിവരാണ് മർദനത്തിനിരയായത്. മകനും മരുമകളും ചേർന്ന് മർദിക്കുന്നതായി കാണിച്ച് അന്തിക്കാട് പൊലീസില്‍ ഇവർ പരാതി നല്‍കിയിരുന്നു.
അരിമ്പൂരിലെ തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്. ജോലിയില്‍നിന്ന് വിട്ടശേഷം സ്വസ്ഥമായി കഴിയുന്നതിനിടെ രണ്ടു മക്കളില്‍ ഒരാളോടൊപ്പം താമസമായി. തോമസിന്റെ വരുമാനം നിലച്ചതിനാലാണ് വയോധിക ദമ്പതികള്‍ക്കുനേരെ മരുമകള്‍ ശത്രുതാനിലപാട് കൈക്കൊണ്ടതെന്നാണ് പറയുന്നത്. റോസിലിയെ മരുമകള്‍ സ്ഥിരമായി മർദിക്കാറുള്ളതായി അന്തിക്കാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മുഖത്തും തലയിലും മർദിച്ച് ഭാര്യയെ വശംകെടുത്തിയതിനെ തുടർന്ന് വീടുവിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു. മർദനവിവരങ്ങള്‍ നാട്ടുകാരാണ് ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതരെ അറിയിച്ചത്. തുടർന്ന് കൗണ്‍സിലർ മാല രമണനും അന്തിക്കാട് പൊലീസും ഇവരുടെ വീട്ടിലെത്തി.
ജോലിക്കു പോയ മരുമകള്‍ തിരിച്ചെത്തുമ്പോള്‍ വീട്ടില്‍ തങ്ങളെ കണ്ടാല്‍ വീണ്ടും ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാല്‍ തോമസും റോസിലിയും തങ്ങളുടെ സാധനങ്ങള്‍ കവറിലാക്കി വീട് വിട്ടുപോകുകയായിരുന്നു. സാമൂഹികനീതി വകുപ്പാണ് ഇവർക്കായി താമസസ്ഥലം കണ്ടെത്തിയത്.
അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയശേഷം ഇരുവരും വാർഡ് അംഗം ജില്ലി വില്‍സണ്‍, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥ എന്നിവരുടെ സാന്നിധ്യത്തില്‍ മണലൂരിലുള്ള അഗതിമന്ദിരത്തിലേക്ക് താമസം മാറ്റുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തില്‍ വയോധികർക്കുണ്ടായ ബുദ്ധിമുട്ടില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.