
കല്‍പറ്റ: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ ഭീതി പടർത്തിയ കടുവയെ തിരിച്ചറിഞ്ഞു. അഞ്ച് വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 11-ാം നമ്പർ കടുവയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച നടത്തിയ തെർമല്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ പതിച്ച ദൃശ്യങ്ങളില്‍ നിന്നാണ് ഡബ്ല്യു.എ.എല്‍ 112-ാം നമ്പർ കടുവയാണെന്ന് കണ്ടെത്തിയത്.
അതേസമയം, കടുവയെ തുരുത്താനുള്ള നടപടികള്‍ വനം വകുപ്പ് ഊർജിതമാക്കി. വയനാട് പച്ചിലക്കാട് പടിക്കംവയലില്‍ നിന്ന് കടുവ മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കാൻ പടിക്കംവയലിന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ തെർമല്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് പരിശോധന.
അതിനിടെ, കടുവയെ തുരുത്താനുള്ള ദൗത്യത്തിനായി കുങ്കിയാനകളെ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ പച്ചിലക്കാട് എത്തിക്കും. മാനന്തവാടി, കല്‍പറ്റ ആർ.ആർ.ടി സംഘങ്ങള്‍ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതും പരിശോധന നടത്തുന്നതും. തുരുത്താൻ സാധിച്ചില്ലെങ്കില്‍ കടുവയെ കൂടുവെച്ച് പിടികൂടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളില്‍ ഉച്ചവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഉച്ചക്ക് മുമ്പ് കടുവയെ കണ്ടെത്തിയില്ലെങ്കില്‍ നിരോധനാജ്ഞ നീട്ടിയേക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് വയനാട് പച്ചിലക്കാട് പടിക്കം വയലിൽ കടുവയെ നാട്ടുകാർ കണ്ടത്. ഉന്നതിയിലെ വിനു തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനില്‍ പടിക്കംവയലില്‍ ജോണി തൈപ്പറമ്ബില്‍ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന വനം വകുപ്പ് അറിയിച്ചു.
കമ്ബളക്കാട് പൊലീസും വെള്ളമുണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്ന് കടുവയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞു. കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്നുപോയത്. പരിശോധന നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ കടുവയെ കണ്ടെത്താനായിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ ജനം ഭയപ്പാടിലാണ്.
ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം വന്നതോടെ പച്ചിലക്കാട് പ്രദേശത്തെ കടകമ്ബോളങ്ങള്‍ തുറന്നെങ്കിലും ആളുകള്‍ പുറത്തിറങ്ങാതെയായി. തൊട്ടടുത്ത പ്രദേശമായ കണിയാമ്പറ്റ മില്ലുമുക്ക് കൂടോത്തുമ്മലിലും കടുവപ്പേടിയിലായി. കടുവയെ കണ്ട സ്വകാര്യതോട്ടത്തിലെ ഇലക്‌ട്രിക് ടവറിന് കീഴില്‍ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോണ്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗ നിർദേശപ്രകാരമുള്ള ടെക്നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാനുള്ള നിർദേശം ഉത്തരമേഖലാ സി.സി.എഫ് മുമ്പാകെ നോർത്ത് വയനാട് ഡി.എഫ്.ഒ നല്‍കും. ഈ ടെക്നിക്കല്‍ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ തുടർ നടപടികള്‍ സ്വീകരിക്കുക.
പച്ചിലക്കാട്ടെ ജനവാസ കേന്ദ്രത്തില്‍ കടുവ എങ്ങനെയെത്തി എന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുഴക്കുന്ന ചോദ്യം. പച്ചിലക്കാട്നിന്ന് വനത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. പ്രദേശങ്ങളില്‍ അധികവും വയല്‍ പ്രദേശമാണ്. അതുകൊണ്ടുതന്നെ കടുവക്ക് വനപ്രദേശമായ നടവയല്‍-നെയ്ക്കുപ്പയില്‍ നിന്ന് എളുപ്പത്തിലെത്തിച്ചേരാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.
മാസങ്ങള്‍ക്ക് മുമ്പ് വനപ്രദേശത്തിനോട് ചേർന്ന നെയ്ക്കുപ്പ എ.കെ.ജി കവലയില്‍ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. അന്ന് കടുവയെ കണ്ടെത്താനായിരുന്നില്ല.




