play-sharp-fill
ബോംബെയിലേക്കെത്തുന്ന മദ്രാസ് മെയിലും കാത്ത് ടാറ്റ ,ബിർള , കിർലോസ്കർ വ്യവസായികളുടെ ഏജന്റുമാർ വിക്ടോറിയ ടെർമിനലിൽ കാത്തുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു: ട്രെയിനിൽ വന്നിറങ്ങുന്ന മദ്രാസിയെന്ന മലയാളിയെ കൈയോടെ പിടികൂടി ജോലി കൊടുക്കാനാണ് ഈ കാത്തുനിൽപ്പെന്നറിഞ്ഞാൽ ഇന്നത്തെ തലമുറ ഒരുപക്ഷേ അത് വിശ്വസിച്ചുവെന്ന് വരില്ല.

ബോംബെയിലേക്കെത്തുന്ന മദ്രാസ് മെയിലും കാത്ത് ടാറ്റ ,ബിർള , കിർലോസ്കർ വ്യവസായികളുടെ ഏജന്റുമാർ വിക്ടോറിയ ടെർമിനലിൽ കാത്തുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു: ട്രെയിനിൽ വന്നിറങ്ങുന്ന മദ്രാസിയെന്ന മലയാളിയെ കൈയോടെ പിടികൂടി ജോലി കൊടുക്കാനാണ് ഈ കാത്തുനിൽപ്പെന്നറിഞ്ഞാൽ ഇന്നത്തെ തലമുറ ഒരുപക്ഷേ അത് വിശ്വസിച്ചുവെന്ന് വരില്ല.

 

കോട്ടയം: ദക്ഷിണേന്ത്യയിൽ നിന്നുള്ള യാത്രക്കാരേയും കൊണ്ട് ബോംബെയിലേക്കെത്തുന്ന മദ്രാസ് മെയിലും കാത്ത്
ടാറ്റ ,ബിർള , കിർലോസ്കർ , ഗോദറേജ് തുടങ്ങിയ വൻ വ്യവസായികളുടെ ഏജന്റുമാർ വിക്ടോറിയ ടെർമിനലിൽ കാത്തുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
ട്രെയിനിൽ വന്നിറങ്ങുന്ന മദ്രാസിയെന്ന മലയാളിയെ കൈയോടെ പിടികൂടി ജോലി കൊടുക്കാനാണ് ഈ കാത്തുനിൽപ്പെന്നറിഞ്ഞാൽ ഇന്നത്തെ തലമുറ ഒരുപക്ഷേ അത് വിശ്വസിച്ചുവെന്ന് വരില്ല.

എഴുത്തും വായനയും ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാന്റും അത്യാവശ്യം കൂട്ടാനും കിഴിക്കാനുമൊക്കെ അറിയാവുന്ന മലയാളിയെ അവർക്ക് ആവശ്യമുണ്ടായിരുന്നു.
അവരുടെ വാണിജ്യ ഉല്പന്നങ്ങൾ വിറ്റഴിക്കാനും ഓഫീസ് ജോലികൾക്കും കണക്കുകൾ സൂക്ഷിക്കാനും പ്രാപ്തിയുണ്ടായിരുന്നത് അന്ന് സാമാന്യവിദ്യാഭ്യാസം ലഭിച്ച മലയാളിക്ക് മാത്രമായിരുന്നു.

ഇന്ത്യയിൽ സാക്ഷരത നേടിയ ആദ്യ പൊതുസമൂഹം എന്ന നിലയിൽ കേരളത്തെ വാർത്തെടുത്തതിൽ രണ്ടു പ്രമുഖ വ്യക്തികൾക്കുള്ള സ്ഥാനം ഒരിക്കലും
മറക്കാൻ കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വിദ്യ കൊണ്ട് പ്രബുദ്ധരാകുക ” എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണഗുരുവും
“വായിച്ചു വളരുക ” എന്ന മുദ്രാവാക്യത്തിലൂടെ
കേരളീയരെ വായനയുടെ വസന്തകാലത്തിലേക്ക് കൈപിടിച്ചുയർത്തിയ
പി എൻ പണിക്കരുമാണ്
ആ മഹത് വ്യക്തികൾ .

1926 – ൽ ജന്മനാടായ ആലപ്പുഴ ജില്ലയിലെ നീലംപേരൂരിൽ “സനാതനധർമ്മം ” എന്ന ഗ്രന്ഥശാല ആരംഭിച്ചുകൊണ്ട് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ സംഭാവനകൾ ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടുക്കും മാതൃകയും പ്രചോദനവുമായിരിക്കുകയാണ്.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തിൽ മാത്രം 5000 -ത്തിലധികം ഗ്രന്ഥശാലകൾ ഈ യുഗപ്രഭാവന്റെ പരിശ്രമത്താൽ സ്ഥാപിക്കപെട്ടു എന്നറിയുമ്പോഴാണ് വ്യക്തി ഒരു പ്രസ്ഥാനമായി മാറിയതിന്റെ ചരിത്രം അനാവരണം ചെയ്യപെടുന്നത് .

ഇന്ന് ജൂൺ 19 , അദ്ദേഹത്തിന്റെ ചരമ വാർഷികദിനം .

1996 മുതൽ കേരള ഗവൺമെൻറ് ഈ ദിവസം വായനാദിനമായി ആചരിച്ച് വരുന്നുണ്ട്.

പി എൻ പണിക്കരോടുള്ള ആദരസൂചകമായി ഇന്നത്തെ “പാട്ടോർമ്മകളി” ലെ ഗാനങ്ങളെല്ലാം വായനാഗാനങ്ങളാണെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

അതായത് ഈ ഗാനങ്ങളെല്ലാം സിനിമയിലെ കഥാപാത്രങ്ങൾ പുസ്തകം നോക്കി വായിക്കുന്നവയാണ് .
സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്രഗാനങ്ങൾ സാഹചര്യങ്ങൾക്കനുസൃതമായിട്ടാണല്ലോ എഴുതപ്പെടുന്നത് .

നമ്മുടെ പ്രിയ നടീനടന്മാർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മനസ്സിൽ കൂടു കൂട്ടിയ കവിതയൂറുന്ന
ഈ ഗാനങ്ങൾ പ്രിയ വായനക്കാർക്കായി അഭിമാനപൂർവം അവതരിപ്പിക്കുന്നു .

“ചക്രവർത്തിനി
നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം
പുറത്തുവെച്ചു നീ നഗ്നപാദയായ് അകത്തു വരു (ചിത്രം ചെമ്പരത്തി – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്- മാധുരി.

ഈ ഗാനം കവിയായ നായകൻ (രാഘവൻ) എന്ന തന്റെ കവിത
” മലയാളനാട് ” വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത് സുഹൃത്തിന് (സുധീർ ) വായിച്ചു കേൾപ്പിക്കുകയാണ് ചിത്രത്തിൽ

“അവിടുന്നെൻ ഗാനം കേൾക്കാൻ
ചെവിയോർത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാർക്കോ
വെളിയിൽ വരാൻ
എന്തൊരു നാണം ……”
(ചിത്രം പരീക്ഷ – രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം എസ് ജാനകി )

താൻ ഏറെ ഇഷ്ടപ്പെടുന്ന “വിഹാരി ” എന്ന തൂലികാനാമക്കാരനായ കവിയുടെ
(പ്രേംനസീർ )
“ദാഹിക്കുന്ന ഹൃദയം” എന്ന പുസ്തകത്തിലെ ഒരു കവിത നായിക ആലപിക്കുന്നതാണ് ഈ ഗാനരംഗം .

“സ്വപ്നങ്ങൾ …. സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീ ലോകം …..”
(ചിത്രം കാവ്യമേള – രചന വയലാർ സംഗീതം – ദക്ഷിണാമൂർത്തി ആലാപനം യേശുദാസ് – പി ലീല )

അന്ധനായ നായകൻ
(പ്രേംനസീർ ) തന്റെ ശിഷ്യയെ (ഷീല) സംഗീതം പഠിപ്പിക്കുന്നു .
നായകൻ പറഞ്ഞു കൊടുക്കുന്ന വരികൾ നായിക എഴുതിയെടുക്കുകയും വായിക്കുകയും ചെയ്യുമ്പോൾ അത് ഒരു മനോഹര ഗാനമായി തീരുകയും പ്രേക്ഷകരായ നമ്മൾ ഈ ഗാനത്തിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു)

“ദന്തഗോപുരം
തപസ്സിന് തിരയും
ഗന്ധർവകവിയല്ല ഞാൻ
മൂകത മൂടും ഋഷികേശത്തിലെ മുനിയല്ല ഞാൻ ഒരു
മുനിയല്ല ഞാൻ ……”
(ചിത്രം ഭൂമിദേവി പുഷ്പിണിയായി – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം മാധുരി )

കോളേജ് ഹോസ്റ്റലിലെ
റൂംമേറ്റുകളായ രണ്ട് വിദ്യാർത്ഥിനികളുടെ സൗന്ദര്യ പിണക്കം. ഒരാൾ പഠിക്കാൻ ഇരിക്കുമ്പോൾ (ജയഭാരതി ) മറ്റൊരാൾ (വിധുബാല )
ഉറങ്ങാൻ കിടക്കുന്നു. വയലാറിൻ്റെ കവിത കേൾക്കുമ്പോൾ ഉറങ്ങാൻ കിടന്ന ആൾ എണീറ്റ് വന്ന് കവിത ആസ്വദിക്കുന്ന മനോഹര രംഗം )

“ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയപ്രവാഹമായ് വന്നു ..”
(ചിത്രം ശാലിനി എന്റെ കൂട്ടുകാരി – രചന എം ഡി രാജേന്ദ്രൻ – സംഗീതം ദേവരാജൻ – ആലാപനം മാധുരി )

അന്തരിച്ച നടി ശോഭയും ജലജയുമാണ് ഈ ഗാനത്തിന് ജീവൻ നൽകിയത്. കവിയായ തൻ്റെ സഹോദരൻ്റെ കവിത കൂട്ടുകാരിയെക്കൊണ്ട് പാടിപ്പിക്കുകയാണ് നായികയായ ശോഭ .

“ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിതെന്നലായ് മാറി …. ”
(ചിത്രം ചന്ദ്രകാന്തം – രചന ശ്രീകുമാരൻ തമ്പി – സംഗീതം എംഎസ് വിശ്വനാഥൻ – ആലാപനം യേശുദാസ് – ജാനകി )

തൻ്റെ ഹൃദയേശ്വരനായ കവിയുടെ (പ്രേംനസീർ )
” വിനയന്റെ ഗാനങ്ങൾ ” എന്ന പുസ്തകത്തിൽ നിന്ന് ഒരു കവിത ആലപിക്കുകയാണ് നായികയായ ജയഭാരതി

“ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണുനീ …. ”
( ചിത്രം നഖക്ഷതങ്ങൾ – രചന ഓ എൻ വി കുറുപ്പ് – സംഗീതം ബോംബെ രവി – ആലാപനം യേശുദാസ് )

സുന്ദരിയായ നായികയെ കുറിച്ച് നായകൻ ( വിനീത് ) എഴുതിക്കൊടുത്ത കവിത വായിച്ച് മനോരഥത്തിലൂടെ സഞ്ചരിക്കുകയാണ് മൂകയും ബധിരയുമായ ഉപനായിക (സലീമ )

“മഞ്ഞൾപ്രസാദവും
നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി …”
ചിത്രം നഖക്ഷതങ്ങൾ- രചന
ഓ എൻ വി – സംഗീതം ബോംബെ രവി- ആലാപനം ചിത്ര )

തൻ്റെ ആദ്യകവിത ഒരു പ്രമുഖ വാരികയിൽ അച്ചടിച്ചു വന്നത് മറ്റൊരാൾ ( മോനിഷ )വായിക്കുന്നത് കേട്ട് ഉറങ്ങാൻ കിടന്ന നായകൻ ( വിനീത് ) ഇറങ്ങി വന്ന്
“ഒന്നു മുഴുവൻ പാടൂ …..എനിക്കൊന്നു കേൾക്കാനാ…. “എന്നു പറയുന്നിടത്തു നിന്നാണ് ചിത്രയ്ക്ക് ദേശീയ ബഹുമതി നേടിക്കൊടുത്ത ഈ ഗാനം ആരംഭിക്കുന്നത് )

” ചൈത്രനിലാവിന്റെ പൊൻപീലിയാൽ …. ”
( ചിത്രം ഒരാൾ മാത്രം; സംഗീതം : ജോൺസൺ ; രചന : കൈതപ്രം ; ആലാപനം
കെ ജെ യേശുദാസ് 😉

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തന്റെ മനസ്സിൽ നല്ലൊരു ഗായകനു ണ്ടെന്ന് സുഹൃത്തിന് (സുധീഷ്) ബോധ്യപ്പെടുത്തി കൊടുക്കുന്നു ഈ കവിത വായിച്ചുകൊണ്ട് നടൻ മമ്മൂട്ടി )

“തൂമഞ്ഞിന്‍ തുള്ളി
തൂവല്‍ തേടും മിന്നാമിന്നി
നിന്നെയൊന്നു നുള്ളാന്‍ തെന്നലായെന്നുള്ളില്‍
സങ്കല്പങ്ങള്‍ വീണ്ടും
വീണ്ടും വന്നു …”
(രചന ബിച്ചു തിരുമല – സംഗീതം കണ്ണൂർ രാജൻ – ആലാപനം യേശുദാസ് – ചിത്രം അപ്പുണ്ണി )

ഒരു മൈതാനത്ത് ഒരുക്കിയ ബ്ലാക്ക് ബോർഡും അനേകം ബെഞ്ചുകളുമുള്ള വലിയ ഒരു ക്ലാസ് റൂം . ഇവിടെ അധ്യാപകനായ നായകൻ ( മോഹൻലാൽ) നായികയെ (മേനക ) ഒരു പാട്ടു പഠിപ്പിക്കുന്നതാണ് ഈ ഗാനം

ഈ ഗാനങ്ങളിലെല്ലാം
വായനയുടെ ഒരു സൗരഭ്യം സമന്വയിപ്പിച്ചു കൊണ്ട് ചിത്രീകരിച്ച പ്രിയപ്പെട്ട സംവിധായകർക്ക് ഒരു നല്ല നമസ്കാരം പറയട്ടെ..

മലയാളികൾക്ക് വായനയുടെ, അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകിയ പി എൻ പണിക്കരുടെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം…