
തിരുവനന്തപുരം: മുണ്ടക്കൈ–ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമ്മിച്ച വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 4 മണിക്ക് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്ക് പട്ടയ വിതരണവും മുഖ്യമന്ത്രി നടത്തും. ആദ്യ ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനമാണ് നടക്കുക.
ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി വിവരമറിയിച്ചത്. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, ദുരന്തത്തെ അതിജീവിച്ച നാടിന്റെ മഹത്തായ പ്രഖ്യാപനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉരുള്‍പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടുവെന്നും “കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്ന വാക്കുകൾ യാഥാർത്ഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും വിവിധ ഘട്ടങ്ങളിൽ സഹായങ്ങൾ നിഷേധിക്കപ്പെട്ടതും പദ്ധതിയെ തകർക്കാൻ ശ്രമങ്ങൾ ഉണ്ടായതും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്ന കരുത്തിലാണ് പദ്ധതി മുന്നേറിയതെന്നും വാഗ്ദാനങ്ങൾ നടപ്പാക്കുന്ന ഭരണത്തിന്റെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


