
കുറവിലങ്ങാട്: ശ്രവണസുന്ദരമായ ഗാനങ്ങൾ കൊണ്ട് സദസ് കോരിത്തരിച്ചു. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.വി.എല്‍. ജയപ്രകാശ് എന്ന അസാധാരണ പ്രതിഭാശാലിയായ വയലിനിസ്റ്റ് തീർത്ത നാദവിസ്മയങ്ങള്‍ അവിസ്മരണീയ അനുഭവമായി മാറി. കുറവിലങ്ങാട് ദേവമാതാ കോളേജിലെ മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനചടങ്ങിലാണ് ജയപ്രകാശ് തൻ്റെ കലാവിരുന്ന് അവതരിപ്പിച്ചത്.
എ. ആർ. റഹ്മാൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ തുടങ്ങിയ അതുല്യസംഗീത പ്രതിഭകളുടെ നിത്യഹരിതഗാനങ്ങള്‍ അദ്ദേഹം വയലിനില്‍ പുനരവതരിപ്പിച്ചു. അദ്ദേഹം അവതരിപ്പിച്ചതെല്ലാം തേനൂറുന്ന ഗാനങ്ങളായിരുന്നു.
സംഗീതം കേവലം ഒരു കല മാത്രമല്ല, മനുഷ്യജീവിതത്തിലെ സമസ്തമണ്ഡലങ്ങളെയും സ്വാധീനിക്കുന്ന ഒരു അമൂല്യ സിദ്ധിയാണെന്ന് ഡോ.ജയപ്രകാശ് അഭിപ്രായപ്പെട്ടു. അത് ഒരിക്കലും പഠനത്തിന് ഒരു തടസ്സമാകില്ല. വൈദ്യശാസ്ത്രത്തില്‍ താൻ നേടിയ ഉന്നത ബിരുദങ്ങളെ ല്ലാം സംഗീതാഭ്യസനത്തിനൊപ്പമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനത്തില്‍ പ്രിൻസിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിൻസിപ്പല്‍ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കല്‍, കുമാരി
റോസ്മെറിൻ ജോജോ തുടങ്ങിയവർ സംസാരിച്ചു. ഡോ. സിജി ചാക്കോ, ഡോ. സി.സിന്ധു സെബാസ്റ്റ്യൻ, ഡോ. റെന്നി എ. ജോർജ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.