പ്രാർഥനകളും വഴിപാടുകളും നടത്തി കാത്തിരുന്നവരെ നിരാശപ്പെടുത്താതെ വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്;ഹൃദയാഘാതം മറികടന്നു; ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്; തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായി

പ്രാർഥനകളും വഴിപാടുകളും നടത്തി കാത്തിരുന്നവരെ നിരാശപ്പെടുത്താതെ വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്;ഹൃദയാഘാതം മറികടന്നു; ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്; തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായി

സ്വന്തം ലേഖകൻ
കോട്ടയം : മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷ് (48) ജീവിതത്തിലേക്കു തിരിച്ചുവരുന്നു.

വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരുന്നിരുന്നു. ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയതിന്റെ രസീതുകൾ പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു.

വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ടന്നും ഡോ. ജയകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചിയിൽ വീട്ടുവളപ്പിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകൾക്കിടയിൽ നിന്നു പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയിൽ പാമ്പു കടിച്ചത്.

കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. കടിച്ച പാമ്പിനെ സുരേഷിന്റെ സഹായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.

പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതോടെ ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പാമ്പിന്റെ വിഷവും പേശികളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.