വീട്ടിൽ സൂക്ഷിച്ച 90 ലിറ്റർ കോട പിടികൂടി: മല്ലപ്പള്ളിയിൽ യുവാവ് എക്സൈസ് പിടിയിലായി
സ്വന്തം ലേഖകൻ
മല്ലപ്പള്ളി: വീട്ടിൽ സൂക്ഷിച്ച 90 ലിറ്റർ കോടയുമായി യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി പുറമറ്റം പടുതോട് താഴത്തുവെള്ളറയിൽ വീട്ടിൽ ദിവാകരൻ മകൻ ഷിജു (39) വിനെയാണ് മല്ലപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവും സംഘവും ചേർന്ന് പിടികൂടിയത്.
ഇയാളുടെ വീടിന്റെ അടുക്കളയിൽ 100 ലിറ്റർ ബാരലിൽ സൂക്ഷിച്ചിരുന്ന 90 ലിറ്റർ കോടയാണ് പിടികൂടിയത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ്സെടുത്തു. ശനിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി ഷിജു മുൻപ് 105 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ്സിൽ ഒന്നാം പ്രതിയായി വിചാരണ നേരിട്ടയാളാണ്. ഇയാൾക്കെതിരെ കോയിപ്പുറം പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയുമാണ്.
എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെ വെണ്ണിക്കുളം ഭാഗത്തുവച്ച് മദ്യപിച്ച നിലയിൽ കണ്ട ഒരാളെ തടഞ്ഞുവച്ച് മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സമയത്ത് മദ്യം ലഭിച്ചത് സംബന്ധിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയുടെ ചാരായം വിൽപ്പന സംബന്ധിച്ച വിവരം ലഭിച്ചത്.
കൊവിഡ് പരിശോധനയ്ക്കു ശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ( ഗ്രേഡ്) വി.കെ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.വിജയദാസ്, സുമോദ് കുമാർ എൻ.ബി , വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിജി ബാബു.എസ് , എക്സൈസ് ഡ്രൈവർ രാമചന്ദ്ര മാരാർ എസി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.