play-sharp-fill
വട്ടിയൂർകാവിൽ താമര ചിഹ്നത്തിൽ കുമ്മനം എത്തും: പ്രസ്റ്റീജ് പോരാട്ടത്തിനൊരുങ്ങി ബിജെപി; കുമ്മനം ഗവർണാകാതിരുന്നത് വട്ടിയൂർകാവിന് വേണ്ടി

വട്ടിയൂർകാവിൽ താമര ചിഹ്നത്തിൽ കുമ്മനം എത്തും: പ്രസ്റ്റീജ് പോരാട്ടത്തിനൊരുങ്ങി ബിജെപി; കുമ്മനം ഗവർണാകാതിരുന്നത് വട്ടിയൂർകാവിന് വേണ്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വട്ടിയൂർകാവിൽ താമര വിരിയിക്കാൻ കുമ്മനത്തെ രംഗത്തിറക്കാൻ ബിജെപി.  വട്ടിയൂർകാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുനതിനായി ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തിന് നിർദേശം നൽകിയതായി സൂചന. എന്നാൽ , മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടും ഇല്ല.
പാലായ്ക്ക് പിന്നാലെ മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നീ അഞ്ച് മണ്ഡലങ്ങളിലാണ്  തിരഞ്ഞെടുപ്പ് ഇനി നടക്കാനുള്ളത്. ഇതില്‍ അരൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂരില്‍ എല്‍ഡിഎഫ് വിജയിച്ച സീറ്റ്. ബിജെപിയും വളരെ പ്രതീക്ഷയോടെ കാണുന്ന രണ്ട് മണ്ഡലങ്ങളും പോളിങ് ബൂത്തിലേക്ക് പോകും. മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും. രണ്ട് മണ്ഡലങ്ങളിലും 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമത് വന്നിരുന്നു. വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ ഇപ്പോള്‍ വീണ്ടും കുമ്മനം വരണം എന്ന ആവശ്യവുമായി മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിരിക്കുകയാണ്. ആറ് പേരുടെ പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒന്നാമത് കുമ്മനം തന്നെയാണ്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍, വിവി രാജേഷ്, ജെആര്‍ പത്മകുമാര്‍, പികെ കൃഷ്ണദാസ്, സുരേഷ്‌ഗോപി, എസ് സുരേഷ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യമാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ച്‌ തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. എന്നാല്‍ ഒരുലക്ഷം വോട്ടിനാണ് കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടത്. എന്നാല്‍ നിയമസഭയില്‍ അതല്ല സ്ഥിതി എന്നും കുമ്മനം വന്നാല്‍ രണ്ടാമത്തെ താമര കേരള നിയമസഭയില്‍ വിരിയും എന്നും ബിജെപികാര്‍ പ്രതീക്ഷിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ രാജഗോപാല്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഒറു ജനപ്രതിനിധി ഉണ്ടാവുകയാണെങ്കില്‍ അത് കുമ്മനം രാജശേഖരന്‍ തന്നെയായിരിക്കും എന്ന തികഞ്ഞ വിശ്വാസം പാര്‍ട്ടി നേതാക്കള്‍ക്കും ഉണ്ട്. കുമ്മനത്തെ തന്നെ വട്ടിയൂര്‍ക്കാവില്‍ പരീക്ഷിക്കാനാണ് ദേശീയ നേതൃത്വത്തിനും താല്‍പര്യം. ഇന്നലെ അഞ്ച് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഒന്നിലും കുമ്മനത്തിന്റെ പേര് ഇല്ല. മിസോറാമില്‍ നിന്ന് രാജി വെപ്പിച്ച നേതാവിനെ എന്തായാലും പുതിയ പട്ടികയില്‍ പരിഗണിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അത് ഉണ്ടായില്ല. ഇതോടെയാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുമായി നല്ല ബന്ധമാണ് കുമ്മനത്തിനുള്ളത്. 2016ല്‍ 43700 വോട്ടുകള്‍ നേടിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് 50709 ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് കാരണമാണ് കുമ്മനത്തെ തന്നെ മണ്ഡലത്തില്‍ പരീക്ഷിക്കണം എന്നും വിജയം ഉറപ്പാണ് എന്നും നേതൃത്വത്തെ ബോധിപ്പിക്കാന്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ശ്രമിക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കെ മിസോറം ഗവര്‍ണര്‍ ആയി നിയമിതനായ കുമ്മനം, സ്ഥാനം രാജിവച്ച്‌ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിനോടു പരാജയപ്പെട്ടെങ്കിലും മികച്ച പ്രവര്‍ത്തനമാണ് കുമ്മനം കാഴ്ചവച്ചത്. ഇത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലിയിരുത്തുന്നത്.

കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം പെരുകുമ്പോള്‍, സീറ്റ് പിടിക്കാനുള്ള ആലോചനകളിലാണ് എല്‍ഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് ഉയരുന്നത്.ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച്‌ കുമ്മനത്തെ എംപിയാക്കാനുള്ള ബിജെപിയുടെ നീക്കം പാളി. എന്നാല്‍ വട്ടിയൂര്‍കാവില്‍ കുമ്മനം വഴി നിയമസഭയിലെ രണ്ടാം താമരയെന്ന സ്വപ്നം പാര്‍ട്ടിയുടെ പല ജില്ലാ നേതാക്കളും വളരെ നേരത്തെ പങ്ക് വെച്ച്‌ തുടങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന് തൊട്ടുപിന്നിലെത്തിയതും കുമ്മനത്തിന്റെ പ്ലസ്സായി പാര്‍ട്ടി കാണുന്നു. കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്‍എസ്‌എസിന്റേതാവും.

കുമ്മനം മത്സരിക്കേണ്ട എന്ന് ആണ് ആര്‍എസ്‌എസ് തീരുമാനം എങ്കില്‍ പകരം പരിഗണിക്കുന്നത് മണ്ഡലത്തില്‍ വര്‍ഷങ്ങളായി സ്ഥിരതാമസക്കാരനും ലോക്‌സഭയില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച സുരേഷ്‌ഗോപി ആണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്. തൃശ്ശൂരിലെ പ്രകടനം തന്നെയാണ് ആക്ഷന്‍ സ്റ്റാറിന് തുണയാകുന്നത്. കോണ്‍ഗ്രസില്‍ മുരളീധരന്റെ അഭാവത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാവുകയാണ്. മാത്രമല്ല സ്ഥലം എംപി ശശി തരൂരും എംഎല്‍എ ആയിരുന്നു കെ മുരളീധരനും തമ്മിലുള്ള വാക്‌പോരും മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സാധ്യതയെ ബാധിക്കും. ഒരു കാലത്ത് കുത്തക മണ്ഡലമായിരുന്ന ( പഴയ നോര്‍ത്ത് മണ്ഡലം) തിരിച്ച്‌ പിടിക്കാന്‍ എല്‍ഡിഎഫും സജീവമായി രംഗത്തിറങ്ങും. മുന്‍ എംഎല്‍എ എം വിജയകുമാര്‍, മേയര്‍ വി കെ പ്രശാന്ത് എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്.