
ഏറ്റുമാനൂർ :. “നമ്മൾ ജയിക്കും കുട്ടേട്ടനുണ്ട് കൂടെ ” നടനും ദേശീയ അവാർഡ് ജേതാവുമായ വിജയരാഘവൻ ഉറ്റ സുഹൃത്ത് വി എൻ വാസവനെ ചേർത്തുപിടിച്ചു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ അയ്മനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പ്രിയ സുഹൃത്ത് വിജയരാഘവനെന്ന സ്വന്തം കുട്ടനെ നേരിൽ കണ്ട് സൗഹൃദം പുതുക്കിയത്.
” വരേണ്ടതില്ലായിരുന്നല്ലോ ഞാൻ എപ്പോഴും കൂടെയില്ലെ ഇനി തെരഞ്ഞെടുപ്പിന് കുറച്ച് സമയങ്ങളല്ലേ ഉള്ളു , ഈ സമയവും മറ്റുള്ളവരെ കാണാൻ എടുത്തൂടെ ” എന്ന കുട്ടൻ്റെ ചോദ്യത്തിന് കാണാതെ പോകുന്നത് ശരിയല്ലാന്നായിരുന്നു സ്ഥാനാർഥിയുടെ മറുപടി. തുടർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. അച്ഛൻ നാടകാചാര്യൻ എൻ എൻ പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കുടുംബാംഗങ്ങളുമായി വിശേഷങ്ങൾ തിരക്കി. ഒപ്പം നിന്ന് ചിത്രമെടുത്തു. തനിക്ക് ലഭിച്ച ദേശീയ അവാർഡ് സ്ഥാനാർഥിയെ കാട്ടി അനുഭവങ്ങൾ പങ്കുവെച്ചു. തനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ തിരക്കുകൾക്കിടയിലും വി എൻ വാസവൻ ഓടിയെത്തി അഭിനന്ദിച്ച നിമിഷങ്ങളും പങ്കുവെച്ചു.
അയ്മനം തിരുവാർപ്പ് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ചത്തെ പ്രചരണം. അയ്മനം പുലിക്കുട്ടിശ്ശേരി ഹന്ന ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. കുശലാന്വേഷണം നടത്തിയും വിശേഷങ്ങൾ പങ്കുവെച്ചും ഏറെ നേരം അവിടെ ചിലവഴിച്ചു. തുടർന്ന് മുട്ടേൽ നഗറിലെ വീടുകളിൽ സന്ദർശനം നടത്തി. പുലിക്കുട്ടശ്ശേരിയിലെ പാരഗൺ ഫാക്ടറിയിലെത്തി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് ഐക്കരച്ചിറ സെൻ്റ് ജോർജ് എൽ പി സ്കൂളിലും മഠത്തിലും സന്ദർശനം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളിലെ കുട്ടികളോടൊപ്പം നിന്ന് ചിത്രങ്ങൾ എടുത്തു. തുടർന്ന് പുലിക്കുട്ടിശ്ശേരിയിലെ കുടുംബശ്രീയുടെ എംസിഎഫ് പ്ലാന്റിലെത്തി ഹരിത കർമ്മ സേനാംഗങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ശേഷം കുമ്മനം മുസ്‌ലീം ജുമാ മസ്‌ജിദ് സന്ദർശിച്ചു. തുടർന്ന് മരണാനന്തര ചടങ്ങുകളിൽ സാന്നിധ്യം അറിയിച്ചു. ശേഷം ഭവന സന്ദർശനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് കൊണ്ട് വെള്ളിയാഴ്ചത്തെ പ്രചരണം അവസാനിപ്പിച്ചു. എൽഡിഎഫ് നേതാക്കളായ കെ ആർ അജയ്, ആർ പ്രമോദ് ചന്ദ്രൻ, ബി ജെ ലിജീഷ്, എ കെ ആലിച്ചൻ, കെ കെ കരുണാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.



