നെഞ്ച് പിടയുന്ന വേദനയോടെ രാജ്യത്തിനു വേണ്ടി ധീരമൃത്യു വരിച്ച സഹോദരനെ കുറിച്ച് സജീവൻ
സ്വന്തം ലേഖകൻ
വയനാട്: ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വി വി വസന്തകുമാർ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതിൽ അഭിമാനിക്കുന്നുവെന്ന് സഹോദരൻ സജീവൻ. വയനാട്ടിലെ ലക്കിടി സ്വദേശിയാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വി വി വസന്തകുമാർ.
പതിനെട്ട് വർഷത്തെ സൈനീക സേവനം പൂർത്തയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം തിരിച്ചുവരാൻ ഒരുങ്ങവേയാണ് ആക്രമണത്തിൽ വീര്യമൃത്യു വരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയൻ മാറ്റം ലഭിച്ചത്. അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനിൽ ചേർന്നതിന് പുറകേയാണ് ദുരന്തവാർത്തയെത്തിയത്. വസന്തകുമാറിന്റെ അച്ഛൻ മരിച്ച് ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷമാണ് വസന്തകുമാറിന്റെ മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരൻ വിളിച്ചു പറയുന്നത്. വാർത്ത സ്ഥിരീകരിക്കാൻ ദില്ലിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വി വി വസന്തകുമാറെന്ന ഒരാൾ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാൻ കഴിഞ്ഞത്. വസന്തകുമാറിന്റെ ബറ്റാലിയൻ നമ്പർ അറിയാത്തതിനാൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്നും സജീവൻ പറഞ്ഞു.
എന്നാൽ കുറച്ച് സമയങ്ങൾക്കുള്ളിൽ വാട്സാപ്പിൽ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തിൽ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവൻ പറഞ്ഞു. ബറ്റാലിയൻ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാർ കഴിഞ്ഞ ഒമ്ബതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും വസന്തകുമാറിന്റെ സഹോദരൻ പറഞ്ഞു.