play-sharp-fill
ഹർത്താലുകൾ ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ; ഇവിടെ ഹിന്ദുവും  ക്രിസ്ത്യാനിയും മുസൽമാനും ഒന്നുമില്ല; എല്ലാവരും ഒരുപോലെ

ഹർത്താലുകൾ ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ; ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒന്നുമില്ല; എല്ലാവരും ഒരുപോലെ


സ്വന്തം ലേഖകൻ

വർക്കല: ഒരു ഹർത്താലുകളും ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ. ഏതു രാഷ്ട്രീയപാർട്ടി ഹർത്താൽ നടത്തിയാലും അത് നടയറ ജങ്ഷനൊരു പ്രശ്നമേയല്ല. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും എല്ലാം ഒരുപോലെ. നടയറയിലെ വ്യാപാരികളും നാട്ടുകാരും ഒരേ മനസ്സോടെ ഹർത്താലിനെ എതിർത്ത് തോൽപ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. വർക്കല-പാരിപ്പള്ളി റൂട്ടിലാണ് വ്യാപാരകേന്ദ്രമായ നടയറ ജങ്ഷൻ ഉള്ളത്. ഹർത്താൽ ദിവസങ്ങളിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനുമായി പലതവണ ഇവിടെയെത്തിയിട്ടുണ്ട്. എന്നാൽ, പ്രദേശവാസികളുടെ ഹർത്താൽ വിരുദ്ധമനോഭാവത്തിനു മുന്നിൽ അടിയറവു പറഞ്ഞ് തിരികെ പോവുകയാണ് ചെയ്തിട്ടുള്ളത്. പൊതുപണിമുടക്കു പോലും നടയറയെ ഇതുവരെ ബാധിച്ചിട്ടില്ല.

ഈയാഴ്ച നടന്ന രണ്ടു ഹർത്താലിലും നടയറയിൽ എല്ലാ കടകളും തുറന്നുപ്രവർത്തിക്കുകയും വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. വിവിധ രാഷ്ട്രീയകക്ഷികൾക്കു നല്ല സ്വാധീനമുള്ള പ്രദേശമാണ് നടയറ. എന്നാൽ, ഹർത്താലിന്റെ കാര്യത്തിൽ അവരുടെ സ്വാധീനത്തിനു വ്യാപാരികൾ വഴങ്ങാറില്ല. വ്യാപാരി ഹർത്താലിനും നടയറയിൽ കടകൾ തുറന്നു പ്രവർത്തിക്കുക തന്നെ ചെയ്യും. തീർത്തും പ്രാദേശികമായ വിഷയങ്ങളിലല്ലാതെ ഹർത്താലുമായി സഹകരിക്കേണ്ടെന്നാണ് വ്യാപാരികളുടെ ഒറ്റക്കെട്ടായുള്ള തീരുമാനം. ഹർത്താൽ ദിവസം ഇവിടെ കൂടുതൽ കച്ചവടം നടക്കാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളെല്ലാം തുറക്കുന്നതിനാൽ നടയറയിലെത്തിയാൽ ഹർത്താൽ ദിനവും ഭക്ഷണം ലഭിക്കുമെന്നുറപ്പാണ്. ഹർത്താൽ നടത്തിപ്പുകാരും സാധനങ്ങൾ വാങ്ങാൻ ഒടുവിൽ ഇവിടെയാണ് എത്തുന്നതെന്നും വ്യാപാരികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group